rahul-roadshow

കൽപ്പറ്റയിൽ ചരിത്രം കുറിച്ച റോഡ് ഷോ വയനാട്ടിൽ നിൽക്കുന്നത് തെക്കേ ഇന്ത്യയിൽ ഐക്യത്തിന്റെ സന്ദേശം നൽകാൻ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു


കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബി.ജെ.പിയാണ്. സി.പി.എമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സി.പി.എമ്മിനെതിരെ പറയില്ല.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ റോഡ് ഷോയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വയനാടിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത ജനക്കൂട്ടമാണ് ഇന്നലെ രാഹുലിനെയും പ്രിയങ്കയെയും കാണാനെത്തിയത്. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്.

ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

''മോദി ഭരണത്തിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എമ്മും ഇടപെടുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന ആരോപണത്തിന് അതേ നിലവാരത്തിൽ മറുപടിയില്ല. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം പൊരുതുകയാണെന്ന് എനിക്കറിയാം. ആ പോരാട്ടം തുടരും. ''കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ തുടർന്ന് പറഞ്ഞു.

വയനാട്ടിൽ താൻ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകാനാണ്. വടക്ക്, തെക്ക്, വടക്കുകിഴക്കൻ, കിഴക്ക് എന്ന വിവേചനം ഇന്ത്യയിലില്ല. ഓരോ പ്രദേശത്തിനും സംസ്‌കാരവും ഭാഷയുമുണ്ട്. എന്നാൽ മോദിയും ആർ.എസ്.എസും ദക്ഷിണേന്ത്യയെ ആക്രമിക്കുകയാണ്. തെക്കേ ഇന്ത്യയിലെ ജനങ്ങൾ, അവരുടെ ഭാഷ, സംസ്‌കാരം എന്നിവയെ അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനുമാണ് ഇവിടെ മത്സരിക്കുന്നത്.

ഇന്ത്യയുടെ കാവൽക്കാരനാണ് താൻ എന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാൽ അംബാനിയെപ്പോലുള്ളവരെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അവർക്ക് നൽകുകയാണ്. മോദി ഭരണത്തിൽ തൊഴിലാളികളും കർഷകരും സംപ്തരല്ല.

അമേതിയെ രാഹുൽ ഉപേക്ഷിച്ചെന്ന സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തോട്, ഞാൻ അവിടെയുമുണ്ട് ഇവിടെയുമുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.