വടകര: അറബ് മാന്ത്രിക ചികിത്സയെന്ന പേരിൽ നിരവധി പേരെ വഞ്ചിച്ച വ്യാജ ഡോക്ടർ വടകരയിൽ അറസ്റ്റിൽ. വയനാട് പെരിയ മുള്ളൽ സ്വദേശി കളരിത്തൊടി ഡോ: ഉസ്മാൻ ഹാജി മുസ്ലിയാരെ(47)യാണ് വടകര സി.ഐ. എം.എം.അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാണാസുരസാഗറിനടുത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വൺഡേ റിസോർട്ടിൽ വെച്ച് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2000 മുതൽ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലിൽ 'അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം'എന്ന പേരിൽ പരിപാടി അവതരിപ്പിച്ചിരുന്നു. കുട്ടികളില്ലാത്തവർ, ഭർത്താവുമായി അകന്നു കഴിയുന്ന സ്ത്രീകൾ, ഭൂമി വിൽപ്പനയ്ക്കുള്ള തടസ്സം നീക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കാണ് ചികിത്സ നടത്തിയത്. ദിനം പ്രതി അഞ്ഞൂറോളം പേർ ചികിത്സക്കെത്തിയതായി ഇയാൾ പൊലിസിനോട് പറഞ്ഞു. പതിനായിരം മുതൽ എഴുപതിനായിരം രൂപ വരെയാണ് ചികിത്സക്കായി ഓരോരുത്തരിൽ നിന്നും വാങ്ങിയത്. ഭർത്താവുമായി അകന്നു കഴിയുന്ന പരാതിക്കാരി ഭർത്താവുമായി അടുക്കാൻ വേണ്ടി ചികിത്സക്കായി ഏഴ് ലക്ഷം രൂപ നൽകിയതായി പൊലിസ് പറഞ്ഞു. തുടർന്ന് കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പ്രതി തയ്യാറായില്ല. ഇതേ തുടർന്നാണ് യുവതി പരാതിയുമായി പൊലിസിനെ സമീപിച്ചത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി 25000 പേർ ചികിത്സ നടത്തിയതായി ഇയാൾ മൊഴി നൽകി. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, എറണാകുളം എന്നീ അഞ്ചു ജില്ലകളിൽ സാന്ത്വനം പാലിയേറ്റീവ് സെന്ററുകളും ഓഫീസുകളും തുറന്നു പ്രവർത്തിച്ചിരുന്നു. ഇതിന്റെ മറവിൽ ഈഗിൾ ഐ എന്ന പേരിൽ പ്രെെവറ്റ് ഡിറ്റക്ടീവ് ഏജൻസിയും ഇയാളുടെ നേതൃത്വത്തിൽ ആരംഭിച്ചു.എന്നാൽ ഒരു വർഷം കൊണ്ട് സ്ഥാപനം അടച്ചു പൂട്ടി. വ്യാജ വൈദ്യന്മാരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് കുറച്ചു കാലത്തേക്ക് ചികിത്സ നിർത്തി പാലിയേറ്റിവ് രംഗത്തേക്ക് കടന്നത്. വർഷങ്ങൾക്ക് ശേഷം കേരള-തമിഴ്‌നാട് അതിർത്തിയായ ഉദുമൽപേട്ട കേന്ദ്രീകരിച്ച് വീണ്ടും ചികിത്സാ രംഗത്തേക്ക് വന്നു. ഏജന്റുമാർ മുഖേന പണം നൽകിയാണ് ഇയാൾ പി.എച്ച്.ഡി. കരസ്ഥമാക്കിയതെന്ന് പൊലിസ് പറഞ്ഞു. എന്നാൽ ഗവേഷണ പ്രബന്ധം എന്താണെന്നോ പ്രബന്ധത്തിന്റെ കണ്ടന്റ് എന്താണെന്നോ ഇയാൾക്കറിയില്ലെന്ന് ഡി.വൈ.എസ്.പി പി.പി.സദാനന്ദൻ വ്യക്തമാക്കി.
ബാണാസുരസാഗറിനടുത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റിസോർട്ട് ഉടമയായ ഇയാൾ എരുമേലിയിൽ ചന്ദനത്തിരി ഫാക്ടറിയും നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ വഴി സി.പി.എം, ബി.ജെ.പി, മുസ്ലിം ലീഗ് എന്നീ പാർട്ടികളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും മറ്റും പങ്കു വെച്ചതായി പൊലിസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.