03

കൽപ്പറ്റ: വയനാടൻ മണ്ണിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയുമുണർത്തിയ തരംഗത്തെ പ്രതിരോധിക്കാൻ ഇടതു മുന്നണി മുൻനിരനേതാക്കളെ മണ്ഡലത്തിലെത്തിച്ച് വിപുലമായ പ്രചാരണത്തിന് തയ്യാറെടുക്കുന്നു. മൂന്നാഴ്‌ചകൊണ്ട് ഇടതു മുന്നണി സ്ഥാനാർത്ഥി പി.പി.സുനീർ മണ്ഡലത്തിലുണ്ടാക്കിയ അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ് രാഹുലിന്റെ വരവോടെ ഗതിമാറിപ്പോയത്. ഇതിനെ പ്രതിരോധിക്കേണ്ടത് ഇടതു മുന്നണിയുടെ ആവശ്യമാണ്.

സി.പി.എമ്മിന് എതിരായി താൻ ഒരു വാക്കും പറയില്ലെന്നു പറഞ്ഞ് പറന്നുപോയ രാഹുൽ ഗാന്ധി ഇടതു മുന്നണിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. എതിരാളി ആരെന്നു പോലുമറിയാതെ രണ്ടുമൂന്നാഴ്‌ച മണ്ഡലത്തിൽ ആവേശകരമായ പ്രചാരണത്തിലൂടെ തിളങ്ങി നിൽക്കാൻ ഇവർക്കു കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിലാണ് രാഹുലാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണെന്ന പ്രഖ്യാപനം വരുന്നത്. തൊട്ടു പിന്നാലെ എൻ.ഡി.എയുടെ സ്ഥാനാർത്ഥി തുഷാറാണെന്ന പ്രഖ്യാപനവും! ഇതു രണ്ടും ഇടതു ക്യാമ്പിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതു തന്നെ. ഒത്തു പ്രവർത്തിച്ചാൽ വയനാട് മണ്ഡലം കൈക്കുളളിലാക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു അതുവരെ ഇടതു മുന്നണി.

രണ്ടു തവണ വിജയിച്ച എം.ഐ. ഷാനവാസ് മണ്ഡലത്തെ അവഗണിച്ചെന്ന് കണക്കുകൾ സഹിതം എടുത്തുകാണിച്ചാണ് ഇടതുകാർ ഇതേവരെ ജൈത്രയാത്ര നടത്തിയത്. 2009-ൽ ഷാനവാസ് നേടിയ ഒന്നരലക്ഷമെന്ന വമ്പൻ ഭൂരിപക്ഷം ഇരുപതിനായിരത്തിലേക്കു താഴ്‌ത്താൻ കഴിഞ്ഞ തവണ എൽ.ഡി.എഫിനു കഴിഞ്ഞു. ഒന്നുകൂടി ആഞ്ഞുപിടിച്ചിരുന്നെങ്കിൽ ഷാനവാസിനെ വീട്ടിലിരുത്താൻ കഴിയുമായിരുന്നെന്ന് തിരഞ്ഞെടുപ്പു ഫലം വന്നപ്പോഴാണ് ഇടതു മുന്നണിക്ക് തോന്നിയത്.

കഴിഞ്ഞ തവണത്തെ ആ അവസ്ഥ ഇത്തവണ ഉണ്ടാകരുതെന്നു വിചാരിച്ചാണ് ഇക്കുറി ഇടതു മുന്നണി തന്ത്രങ്ങൾ മെനഞ്ഞത്. ‌ടി.സിദ്ദിഖാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന നിലയ്‌ക്കായിരുന്നു ഇവിടംവരെയുള്ള തേരോട്ടം. രാഹുലിന്റെ സ്ഥനാർത്ഥിത്വത്തോടെ പദ്ധതി പാടെ പാളി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സഹോദരിയെയും കൂട്ടി രാഹുൽ നടത്തിയ റോഡ് ഷോ വയനാടിനെ പിടിച്ചുകുലുക്കി. വയനാട്ടിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ മണ്ഡലങ്ങളിൽ നിന്നും കൽപ്പറ്റയിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ എത്തിച്ച് ഇതിലും വലിയ റോഡ് ഷോ തങ്ങൾക്കു നടത്താൻ കഴിയുമെന്നു തെളിയിക്കേണ്ടത് ഇ‌ടതു മുന്നണിയുടെ അഭിമാനപ്രശ്‌നമാണ്. വരുംദിവസങ്ങളിൽ സി.പി. എം ദേശീയ നേതാക്കളെ ഉൾപ്പെടെ വയനാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ തകൃതി. ഇനിയാണ് പൂരം.