വടകര:മൂന്ന് വർഷം കൊണ്ട് ദാരിദ്ര്യവും പട്ടിണിയും മാത്രം സമ്മാനിച്ച ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുതുപ്പണം അങ്ങാടി താഴയിൽ യു.ഡി.എഫ്.കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരം ദിനം കൊണ്ട് ആയിരം പേർക്ക് പോലും പ്രയോജനമില്ലാത്ത സർക്കാരാണിത്. റേഷൻ കടകളിൽ അരിയും മണ്ണെണ്ണയും പോലും കാര്യക്ഷമമായി വിതരണം നടക്കുന്നില്ലെന്നും സാധാരണക്കാരുടെ കണ്ണുനീർ വീഴ്ത്തുന്നതിൽ ഗവേഷണം നടത്തുന്ന പാർട്ടിയായി സി.പി.എം. കൊലപാതകികളെ പൂമാലയിട്ട് സ്വീകരിക്കുന്നവർക്ക് ബാലറ്റ് പേപ്പറിലൂടെ മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. എം.പി.അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. കെ.പ്രവീൺകുമാർ,അഡ്വ:ഐ.മൂസ,വി.കെ.അസീസ്,പ്രദീപ് ചോമ്പാല,കളത്തിൽ പീതാംബരൻ,സഹീർകാന്തിലാട്ട്,അഡ്വ:ഇ.നാരായണൻ നായർ,ജയദാസ് കടോട്ടി,ശശിധരൻ കരിമ്പനപ്പാലം,പി.അശോകൻ,പി.കെ.വൃന്ദ എന്നിവർ പ്രസംഗിച്ചു.