election-2019

കൽപ്പറ്റ: ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നേ പാവം സരിത എസ്. നായർക്ക് പൂതിയുണ്ടായിരുന്നുള്ളൂ. ജയിക്കാൻ ആഗ്രഹമോ അങ്ങനെയൊരു പ്രതീക്ഷയോ തീരെയില്ലെന്ന് അർത്ഥം. കന്നിമത്സരം സാക്ഷാൽ രാഹുൽ ഗാന്ധിക്കൊപ്പമായാൽ ഇന്മം ധന്യമെന്ന് സരിതയും കരുതി. അങ്ങനെയാണ് ചുരം കയറി നാമനിർദ്ദേശ പത്രിക നൽകാനെത്തിയത്. അതും, രാഹുലും പ്രിയങ്കയും റോഡ് ഷോയുമായി തിളങ്ങിനിൽക്കുന്നതിന് ഇടയിൽത്തന്നെ.

തിരഞ്ഞെടുപ്പു കമ്മിഷന്റെ ശാസനയനുസരിച്ച്, തന്റെ പേരിൽ ഇരുപത്തിയെട്ടോളം കേസുകളുണ്ടെന്നു കാണിച്ച് സരിത പത്രപ്പരസ്യം നൽകിയിരുന്നു. വയനാടിനൊപ്പം എറണാകുളത്തും സോളാർ നായിക പത്രിക സമർപ്പിച്ചു. കഴിഞ്ഞ ദിവസം പത്രികകളുടെ സൂക്ഷ്‌മ പരിശോധനാ വേളയിൽ സരിതയുടെ നാമനിർദ്ദേശ പത്രിക മാത്രം ശരിക്കും ഒന്നുകൂടി പരിശോധിക്കാൻ മാറ്റിവച്ചു. അതിസൂക്ഷ്‌മ പരിശോധന ഇന്നലെയായിരുന്നു. ഒടുവിൽ തീരുമാനം അറിയിപ്പായി സരിതയെ തേടിവന്നു: പത്രിക തള്ളിയിരിക്കുന്നു.

ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത അയോഗ്യ. കേസുകളിൽ സ്റ്റേ ഉണ്ടെന്നൊക്കെ സരിത പറഞ്ഞുനോക്കി. പക്ഷേ, സ്റ്റേ എന്നാൽ കുറ്റവിമുക്തയാണെന്നല്ല അർത്ഥമെന്ന് വരണാധികാരി സരിതയ്‌ക്ക് പറഞ്ഞുകൊടുത്തു. രണ്ടു സെറ്റ് നാമനിർദേശ പത്രികയാണ് സരിത സമർപ്പിച്ചിരുന്നത്. പത്രികയിൽ സൂചിപ്പിച്ചിരുന്ന കേസുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുകൊണ്ടാണ് വിശദ പരിശോധനയ്‌ക്കായി ഒരുദിവസത്തേക്ക് മാറ്റിവച്ചത്. എന്തായാലും സരിതയുടെ മോഹം അസ്‌തമിച്ചു.