കൽപ്പറ്റ: കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള മാവോയിസ്റ്റ് പത്രപ്രസ്താവന തപാൽ വഴി വയനാട് പ്രസ് ക്ലബിൽ ലഭിച്ചു. മാവോയിസ്റ്റ് പശ്ചിമഘട്ടം നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന തലക്കെട്ടോടെ രണ്ട് പേജുള്ള പ്രസ്താവന. കർഷകരെ കൃഷിയിൽ നിന്നും കൃഷിഭൂമിയിൽ നിന്നും ജീവിതത്തിൽ നിന്നുവരെ അടിച്ചോടിക്കുകയാണ് ഇന്ത്യൻ ജനാധിപത്യ ഭരണവ്യവസ്ഥ ചെയ്തുവരുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. പണിയായുധങ്ങൾ സമരായുധങ്ങൾ ആക്കാനാണ് കർഷക ആത്മഹത്യകൾ വിളിച്ചുപറയുന്നത്, വോട്ടു കുത്തി ഇനിയും കർഷക ശത്രുക്കളെ തിരഞ്ഞെടുക്കരുത്. കർഷക വിരുദ്ധ ഭരണ സംവിധാനത്തെ താങ്ങി നിറുത്താൻ വോട്ടു ചെയ്യരുത്. കുത്തക കുടുംബങ്ങളുടെ ആസ്തികൾ ഓരോ വർഷവും വർദ്ധിപ്പിക്കുമ്പോൾ മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് അദ്ധ്വാനിക്കുന്ന കുടുംബങ്ങൾ കുത്തുപാളയെടുക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു.