കൽപ്പറ്റ:എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേതിയിൽ നിന്ന് ആയിരം വനിതകൾ വയനാട്ടിലേക്ക്. ദക്ഷിണേന്ത്യയെ രക്ഷിക്കാനെന്ന് പ്രഖ്യാപനം നടത്തി, അമേതിയിൽ നിന്ന് രാഹുൽ ഒളിച്ചോടുകയായിരുന്നെന്ന് വനനാടൻ വോട്ടർമാർക്കിടയിൽ പ്രചാരണം നടത്തുകയാണ് ലക്ഷ്യം.
അമേതിയിൽ അടിസ്ഥാന സൗകര്യ വികസനമോ വിദ്യാഭ്യാസമോ കുടിവെള്ളം പോലുമോ എത്തിക്കാൻ എം.പി എന്ന നിലയിൽ രാഹുലോ അദ്ദേഹത്തിന്റെ കുടുംബത്തിലെ മുൻഗാമികൾക്കോ കഴിഞ്ഞിട്ടില്ലെന്നായിരിക്കും ഇവർ പ്രധാനമായും മണ്ഡലത്തിൽ പ്രചാരണം നടത്തുക.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം അമേതിയിൽ അഞ്ചു പുതിയ ഫാക്‌ടറികൾക്ക് അനുമതി നൽകിയതും ഇവർ ചൂണ്ടിക്കാട്ടും. രാഹുലിന്റെ പരാജയത്തിന് മികച്ച ഉദാഹരണമാണ്, അദ്ദേഹം അമേതി സന്ദർശിച്ചപ്പോൾ അവിടത്തെ ഒരു വിദ്യാർത്ഥി, തങ്ങൾക്കു കുടിവെള്ളം കിട്ടുന്നില്ലെന്ന കാര്യം ശ്രദ്ധയിഷപ്പെടുത്തിയതെന്ന് അവർ പറയുന്നു. അതിന് രാഹുലിന്റെ മറുപടി 'മോദിയോട് ' ചോദിക്കൂ എന്നായിരുന്നു.
അര നൂറ്റാണ്ടിലധികം അമേതിയിലെ ജനങ്ങളെ വഞ്ചിച്ച കോൺഗ്രസും രാഹുലിന്റെ കുടുംബവും വായനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവൽക്കരണമാണ് ലക്ഷ്യമെന്ന് മണ്ഡലത്തിലെ എൻ.ഡി.എ പ്രവർത്തകർ പറയുന്നു.
അമേതിയിൽ നിന്നുള്ള വനിതകൾ അടുത്തയാഴ്‌ച വയനാട്ടിലെത്തും.