sreedanya

കൽപ്പറ്റ : അപ്രതീക്ഷിതമായാണ് ശ്രീധന്യ സുരേഷിന് ആ ഫോൺ വിളിയെത്തിയത്, 'ഗവർണർ ജില്ലയിലുണ്ട്, സിവിൽ സർവീസിൽ റാങ്ക് നേടിയ മിടുക്കിയെ കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. രാവിലെ കല്പറ്റ സർക്കാർ ഗസ്റ്റ് ഹൗസിലെത്തണം". സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയ ആദ്യത്തെ പട്ടികവർഗക്കാരിയായ ശ്രീധന്യ ഫലമറിഞ്ഞ ശേഷം ആദ്യമായി വീട്ടിലെത്തിയപ്പോഴാണ് ഫോണെത്തിയത്. വിവരം അച്ഛനെയും അമ്മയെയും അറിയിച്ചപ്പോൾ അവർക്കും അമ്പരപ്പ്. തുടർന്ന് അച്ഛൻ സുരേഷ്, അമ്മ കമല, സഹോദരൻ ശ്രീരാഗ് എന്നിവർക്കൊപ്പം രാവിലെ ഗസ്റ്റൗസിലെത്തി.

വയനാട്ടിലെ വിവിധ പരിപാടികൾക്കെത്തിയ ഗവർണർ പി. സദാശിവം ശനിയാഴ്ച മടങ്ങേണ്ടതായിരുന്നെങ്കിലും ശ്രീധന്യയുടെ വിജയത്തെ കുറിച്ച് അറിഞ്ഞപ്പോൾ യാത്ര ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ഗസ്റ്റൗസിലെത്തിയ ശ്രീധന്യയ്‌ക്കും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് ഗവർണർ ഒരുക്കിയത്. ഒപ്പം ഭാര്യ സരസ്വതിയും ജില്ലാ കളക്ടർ എ.ആർ. അജയകുമാറുമുണ്ടായിരുന്നു. ഗവർണറും ശ്രീധന്യയും തമ്മിൽ സംസാരിക്കുമ്പോൾ സുരേഷും കമലയും ആശ്ചര്യത്തോടെ കേട്ടിരുന്നു.

രാഷ്ട്രീയ വിധേയത്വമല്ല,​ ജനസേവനമാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകേണ്ടതെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു.

ഹിന്ദി അറിയുമോ എന്ന് ചോദിച്ചപ്പോൾ തോഡാ, തോഡാ മാലൂം എന്നായിരുന്നു ശ്രീധന്യയുടെ മറുപടി. തുടർന്ന് ഗവർണർ ശ്രീധന്യയ്‌ക്കും കുടുംബത്തിനും ഒപ്പം ചായകുടിച്ചു. ഇതിനിടെ സുരേഷിനോടും കമലയോടും വിശേഷങ്ങൾ തിരക്കി. തങ്ങളുടെ ഭൂമിക്ക് പട്ടയമില്ലെന്ന് ഇവർ പറഞ്ഞപ്പോൾ പട്ടയവും വീടും അനുവദിക്കുന്നതിന് ശ്രമിക്കണമെന്ന് കളക്ടറോട് ഗവർണർ നിർദ്ദേശിച്ചു. അതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ ജില്ലാ പൊലീസ് മേധാവി കറുപ്പ സ്വാമിയും ശ്രീധന്യയെ അഭിനന്ദിച്ചു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, സി.കെ. ശശീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ വീട്ടിലെത്തി ശ്രീധന്യയെ അഭിനന്ദിച്ചു.