കുറ്റ്യാടി:മരുതോങ്കര പഞ്ചായത്തിലെ ചീന വേലി, വില്യോംപാറ, മുള്ളംകുന്നു, മരുതോങ്കര, പശുക്കടവ്, പാമ്പൻകോട് ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഉണ്ടായ ചുഴലികാറ്റിൽ ഏഴോളം വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ചീന വേലിയിലെ ഏച്ചിലാട്ടുമ്മൽ (തട്ടു പറമ്പിൽ) കല്യാണിയുടെ വീടിന്റെ മേൽകൂരയിൽ മരങ്ങൾ പൊട്ടിവീണ് വീട് പൂർണ്ണമായും തകർന്നു. മരുതോങ്കരയിലെ വാഴ പറമ്പിൽ പാർവ്വതി വാര്യസ്യാരുടെ വിടിനടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിൻ മരങ്ങൾ വീണു ഭാഗികമായി തകർന്നു. പശുക്കടവ് പാമ്പൻകോട് ഭാഗങ്ങിലെ നൂറ് കണത്തിന് ഹെക്ടർ കൃഷി ഭൂമികളിലെ കാർഷിക വിളകൾ കാറ്റിൽ നിലംപൊത്തി. അശോകൻ ചെറുവലത്ത്, ഷിജു ചൂള പറമ്പിൽ, ശശി നിരവിൽ, ജോർജ് ചെറു പിളാട്ട്, ഷജി ചേരോളിക്കൽ, ഷജി കുന്നത്ത് ,ബോബി ചെറ്റകാരിക്കൽ തുടങ്ങിയ നിരവധി കർഷകരുടെ ആറായിരത്തിലധികം വാഴകളാണ് കാറ്റിൽ തകർന്നത്. നിരവധി, തെങ്ങ്, കവുങ്ങുകളും ശക്തമായ കാറ്റിൽ നിലംപൊത്തി. പശുക്കടവ്, പാമ്പൻ കോട് റോഡിൽ ഇലട്രിക്ക് പോസ്റ്റിൽ മരം പൊട്ടിവീണതിനെ തുടർന്ന് പോസ്റ്റ് പൊട്ടി തകർന്ന് പ്രദേശത്തെ വൈദുതി ബന്ധം പൂർണമായും നിലച്ചു. വാഹന ഗതാഗതവും സ്തംഭിച്ചു.