കോഴിക്കോട്: കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിക്ക് (ഇമ്പം 2019) തുടക്കമായി. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നതും ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്തതുമായ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് കുടുംബത്തിന്റെ പരിചരണവും സ്‌നേഹവും ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ജില്ലയിലെ 4 സ്ഥാപനങ്ങളിൽ നിന്നുള്ള 20 കുട്ടികളാണ് ഈ വേനലവധിക്ക് 15 കുടുംബങ്ങളിലേക്ക് യാത്ര തിരിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അപേക്ഷ നൽകിയ രക്ഷിതാക്കളിൽ നിന്ന് 15 പേരെ തിരഞ്ഞെടുത്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടത്തിയ ഹോം സ്റ്റഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിചയപ്പെടുന്നതിനും സന്ദർഭം ഒരുക്കിയിരുന്നു. കൂടാതെ രക്ഷിതാക്കൾക്ക് ഇംഹാൻസ് കോഴിക്കോടിൽ നിന്നുള്ള ടീം നയിച്ച പരിശീലന ക്ലാസുകളും നൽകി. നിശ്ചിത ഇടവേളകളിൽ കുട്ടികൾ താമസിച്ചിരുന്ന വീട് സന്ദർശിച്ച് കുടുംബത്തിലെ സാഹചര്യം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നിരീക്ഷിക്കുകയും ചെയ്യും.
കോഴിക്കോട് ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോം ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആൻഡ് സബ്ബ് ജഡ്ജ് ജയരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ ബബിതാ ബൽരാജ് അദ്ധ്യക്ഷ വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനീറ്റാ എസ്‌ലിൻ മുഖ്യ അതിഥിയായി. ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഡോ. സി.വി ക്യഷണൻ കുട്ടി, യു സോണി, കെ.വി. സ്മിതാ, പി.എം. തോമസ്, ചൈൽഡ് വെൽഫയർ ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫ്, കോഴിക്കോട് ജുവനൈൽ വിംഗ് സബ് ഇൻസെപക്ടർ വിശ്വനാഥൻ എന്നിവർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജോസഫ് റിബല്ലോ സ്വാഗതവും ചിൽഡ്രൻസ് ഹോം ഗേൾസ് സൂപ്രണ്ട് സൽമ പി .സി നന്ദിയും പറഞ്ഞു.