ഫറോക്ക്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സമഗ്ര പരിശോധനയിൽ ഫറോക്ക് റയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഒന്നേ മുക്കാൽ കിലോഗ്രാം കഞ്ചാവോടെ ഒരാളെ ഫറോക്ക് പൊലീസ് പിടികൂടി. കുന്നമംഗലം ചെത്തുക്കടവ് രാജീവ് ഗാന്ധി കോളനിയിൽ കെ.പി.സൈതലവി(57) ആണ് 1.730 കിലോ ഗ്രാം കഞ്ചാവോടെ പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൈമാറ്റം ചെയ്യാൻ കാത്തു നിൽക്കുമ്പോൾ ഇന്നലെ ഉച്ചക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഫറോക്ക് എസ്.ഐ. മെൽബിൻ ജോസ്, എസ്.ഐ. ഹരീഷ്, എ.എസ്.ഐ മുരളി, ഡ്രൈവർ രാജേന്ദ്രൻ സി.പി.ഓ മാരായ പ്രജീഷ്, അബ്ദുൽ മനാഫ്, മധു സൂദനനൻ, വിജോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്നും കംപ്രസ്സ് ചെയ്താണ് കഞ്ചാവ് കേരളത്തിൽ എത്തുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിക്കുന്നയാളെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കടപ്പുറം ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തുന്നതിനാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നത് എന്നാണു പൊലീസിന്റെ സംശയം. കോഴിക്കോട് പല സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസ്സുകൾ നിലവിലുണ്ട്. ജയിൽ ശിക്ഷയും ലഭിച്ചിട്ടുണ്ട്. ഫറോക്ക് ഇൻസ്പക്ടർ എ.സുജിത്തിനാണ് അന്വേഷണചുമതല.