പേരാമ്പ്ര: കൊടും വേനലിലും നൂറ് മേനി വിളവെടുത്ത് എൻ.എസ്.എസ് വോളന്റീർമാരുടെ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാവുന്നു. നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം പ്രവർത്തകരാണ് അവധിക്കാലത്തും സാമൂഹ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നത്. പേരാമ്പ്ര ബ്ലോക്കിലെ മികച്ച കർഷകയായി തിരഞ്ഞെടുക്കപ്പെടട്ടെ പുനത്തിൽ കദീജകുട്ടിയുടെ കൃഷിയിടത്തിൽ ആണ് നാഷണൽ സർവീസ് സ്‌കീം വോളന്റീർമാരുടെ നേതൃത്വത്തിൽ വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുത്തത്. വെള്ളരി,പടവലം,പയർ, പാവക്ക, തണ്ണി മത്തൻ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. പ്രദേശത്തെ വനിതകളുടെ സഹായത്തോടെ മൂന്ന് മാസത്തോളം നീണ്ടു നിന്ന കാർഷിക പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
വിളവെടുപ്പ് ഉത്സവം നാഷണൽ സർവീസ് സ്‌കീം കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പാലോറ നിർവഹിച്ചു. പി.എസ്.എസി മെമ്പർ പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.സി മുഹമ്മദ് സിറാജ്,ടി.കെ അസൈനാർ, ടി.കെ നൗഷാദ്, ടി.കെ മുഹമ്മദലി, ഖദീജ കുട്ടി പുനത്തിൽ, ടി.പി പ്രസീത രാജീവൻ, ആബേൽ ബേബി ജോസ്,ഹാഫിസ് മുഹമ്മദ്,പി കെ മുഹമ്മദ്
ആഖിൽ, എസ്. ആർ അഭിനവ്,ആർ.ആർ. അഭിനവ്,അമൽജിത്ത്,മുഹമ്മദ് നിഹാൽ, എം.കെ റിൻഷാദ് സംസാരിച്ചു.