പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്തി പേരാമ്പ്ര മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി. മണ്ഡലത്തിലെ തുറയൂരിലാണ് ഇന്നലത്തെ പര്യടനത്തിന് തുടക്കമായത് . നരേന്ദ്രമോദിയുടെയും യോഗി ആദിഥ്യനാഥിന്റെയും അതേ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് കെ. മുരളീധരൻ തുറയൂരിൽപറഞ്ഞു. സംഘപരിവാറുകാരുടെ ആരോപണങ്ങൾ അതേപടി ഏറ്റെടുക്കുകയാണ് സി.പി.എം നേതാക്കൾ. പുറമെ കോലീബി സഖ്യം ആരോപിക്കുന്നവർ രഹസ്യമായി മാർക്‌സിസ്റ്റ് ബി.ജെ.പി സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയെ ജനം ഭീതിയോടെയാണ് നോക്കി കാണുന്നത്. അക്രമ രാഷ്ട്രീയത്തിനെതിരായ താക്കീതാവണം വടകരയിലെ വിധിയെഴുത്ത്. മെയ് 23ന് വോട്ടെണ്ണുമ്പോൾ വാളിനേക്കാളും കഠാരയേക്കാളും ശക്തി ഇ.വി.എം മെഷീന് ഉണ്ടെന്ന് തെളിയിക്കണം. നിരപരാധികളുടെ ചോര വീണ മണ്ണാണിത്. ഇനി ഒരാളും കൊലക്കത്തിക്ക് ഇരയാവരുത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ മത്സരിക്കുന്നത് കേരളത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കണം. ഞാൻ ഒരു ക്രിമിനൽ കേസിലും പ്രതിയായിട്ടില്ല. ഒരമ്മയും ഞാൻ കാരണം അനാഥയായിട്ടില്ലെന്നും ഒരു ഭാര്യയും വിധവയായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ നിര്യാണം യു.ഡി.എഫിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ കെട്ടിപ്പടുത്തതിൽ നിർണായക പങ്കുള്ള മാണി സാർ കേരളത്തിന്റെ വികസനത്തിനു വേണ്ടി നിലകൊണ്ട നേതാവാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. യോഗത്തിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ യു.സി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, കെ. ബാലനാരായണൻ, എസ്.കെ അസൈനാർ, യു.വി ദിനേശ്മണി, മിസ്ഹബ് കീഴരിയൂർ, പി.ജെ തോമസ്, ഇ. അശോകൻ, കെ.പി വേണുഗോപാൽ, പി.പി രാമകൃഷ്ണൻ, രാജൻ മരുതേരി, മുനീർ എരവത്ത്, എം.കെ അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ, രാജൻ വർക്കി, ഇ.വി രാമചന്ദ്രൻ, വി.ബി രാജേഷ്, ബാലകൃഷ്ണൻ നമ്പ്യാർ, ശരീഫ മണലും പുറത്ത്, എം.പി പത്മനാഭൻ, ഇബ്രാഹിം മുറിച്ചാണ്ടി, എ.വി അബ്ദുല്ല പ്രസംഗിച്ചു. കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രണ്ട് മിനുട്ട് മൗനമാചരിച്ചാണ് പരിപാടിക്ക് തുടക്കമായത്. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.