താമരശ്ശേരി: കൊടുവള്ളിയുടെ മനസ്സ് കീഴടക്കാൻ കോഴിക്കോട് ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവന്റെ രണ്ടാംഘട്ട പര്യടനം തുടങ്ങി. രാവിലെ കിഴക്കോത്ത് കത്തറമ്മലിൽ നിന്ന് ആരംഭിച്ച പര്യടനം മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷനും മുൻ എം.എൽ.എയുമായ സി.മോയിൻ കുട്ടി ഉദ്ഘാടനം ചെയ്തു.
എളേറ്റിൽ വട്ടോളിയിൽ നിരവധി പേർ സ്ഥാനാർത്ഥിയെ കാണാനും ആശീർവദിക്കാനുമെത്തിയിരുന്നു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് വാദ്യമേളങ്ങളും വാഹന ജാഥയും ഒഴിവാക്കിയാണ് മണ്ഡലത്തിലുടനീളം പര്യടനം നടത്തിയത്. കനത്ത വേനൽ ചൂടിനെ അവഗണിച്ചും സ്വീകരണ കേന്ദ്രങ്ങളിലുണ്ടായ ജനപങ്കാളിത്തവുമുണ്ടായിരുന്നു.
ദേശീയ രാഷ്ട്രീയവും കോൺഗ്രസിന്റെ പ്രസക്തിയും യു.പി.എ അധികാരത്തിൽ വരേണ്ട ആവശ്യകതയും ഊന്നിപ്പറഞ്ഞാണ് സ്ഥാനാർത്ഥി ഒരോ കേന്ദ്രങ്ങളിലും വോട്ടു ചോദിച്ചത്. നാടിന് ഗുണമുണ്ടാവണമെങ്കിൽ, മോദിയെ താഴെയിറക്കണമെങ്കിൽ യു.ഡി.എഫിന് വോട്ടു ചെയ്യണം. മറിവീട്ടിൽതാഴം, കച്ചേരിമുക്ക്, കൊട്ടക്കാവയൽ,ചോലക്കരതാഴം, രാംപൊയിൽ, വട്ടപ്പാറപ്പൊയിൽ, പൂളക്കാപറമ്പ്, തടപ്പറമ്പ്
വഴി മേലെ പാലങ്ങാട്, കാരാടി, വാടിക്കൽ, പൂക്കോട്, കന്നൂട്ടിപ്പാറ, ചമൽ, പൂലോട് ,അമ്പായത്തോട്, മങ്ങാട്, വെണ്ണക്കോട്, നടമ്മൽപൊയിൽ, കൊളത്തക്കര, മാനിപുരം, കരുവൻപൊയിൽ, എരഞ്ഞിക്കോത്ത് വഴി കൊടുവള്ളിയിൽ പര്യടനം സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ സി.മോയിൻകുട്ടി, എം.എ റസാഖ് മാസ്റ്റർ, വി.എം ഉമ്മർമാസ്റ്റർ, പി.എം നിയാസ്, എം.എ ഗഫൂർ, പി.സി ഹബീബ് തമ്പി, സി.ടി ഭരതൻമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
കെ.എം മാണി യുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് 3 മണിക്ക് ശേഷമാണ് സ്ഥാനാർത്ഥി പര്യടനം തുടങ്ങുന്നത്. ഫറോക്ക് കോതാർതോടിൽ നിന്ന് പര്യടനം ആരംഭിച്ച് രാത്രി പരുത്തിപ്പാറയിൽ സമാപിക്കും.