pinarayi

കൽപറ്റ: ഇടതുപക്ഷത്തെ സംബന്ധിച്ച് രാഹുൽ ഗാന്ധി കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ ഒരാൾ മാത്രമാണെന്നും രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൽപറ്റയിൽ പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. സുനീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് കൽപറ്റ വിജയ പമ്പ് പരിസരത്ത് നടത്തി പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ ഇടതുപക്ഷം ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തിന് രാഹുൽ വന്നതുകൊണ്ട് പ്രശ്നമൊന്നും ഇല്ല. ഇരുപതിൽ ഒന്നുമാത്രമാണ് രാഹുൽ ഗാന്ധി. എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം നേരിടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുണ്ട്. ചിലതിന് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും സഹായം ലഭിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മത്സര രംഗത്തുള്ള ബി.ജെ.പി നേതാവ് തിരിഞ്ഞു നോക്കുമ്പോൾ അണികളെ കാണാനില്ലാത്ത അവസ്ഥയാണ് വയനാടിന്റെ സമീപ മണ്ഡലത്തിൽ.

കരാർ ഒപ്പിട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എല്ലായിടത്തും ഈ ശക്തിയെത്തന്നെയാണ് നേരിടുന്നത്. പരാജയ ഭീതിയാൽ പലതരത്തിലുള്ള വെപ്രാളമാണ് യു.ഡി.എഫ് കാണിക്കുന്നത്. രാഹുൽ ഗാന്ധി വരുമെന്ന ആലോചന വന്നപ്പോൾ ഞങ്ങൾ പറഞ്ഞ നിലപാടിൽ ഇപ്പോഴും മാറ്റമില്ല. എന്തു സന്ദേശമാണ് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിലൂടെ നൽകുന്നത്. എൽ.ഡി.എഫിനെ നേരിടാനാണ് അദ്ദേഹം വരുന്നത്. ഇടതുപക്ഷമാണ് തകർക്കേണ്ട ശക്തി എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. ഇന്നത്തെ സാഹചര്യത്തിൽ തകരേണ്ട ശക്തിയാണോ ഇടതുപക്ഷം? വളർന്നുവരുന്ന വർഗീയത എന്ന വിപത്തിനെതിരെ ഉറച്ച നിലപാടെടുത്ത് പോരടിക്കുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. ആ ഇടതുപക്ഷം തകരണമെന്ന് നിലപാടെടുത്ത് പ്രവർത്തിക്കുന്നവർ ആരെയാണ് സഹായിക്കുന്നത്? പിണറയി ചോദിച്ചു.

ദേശീയ രാഷ്ട്രീയത്തിന്റെ അന്തസത്തയും ആദ്യാക്ഷരങ്ങളും ഉൾക്കൊള്ളാൻ സധിക്കാത്തതുകൊണ്ടാണ് ഇത്തരം നിലപാടു സ്വീകരിച്ചത്. ഇത് കോൺഗ്രസിന്റെ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനേക്കാൾ നാണംകെട്ട കൂട്ടരെ കാണാൻ കിട്ടില്ല. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു പോകുന്നു. കേരളത്തിൽപ്പോലും അവരുടെ ഗഡാഗഡിയൻ സ്ഥാനാർത്ഥി‌ക്ക് ബി.ജെ.പിയിലേക്കു പോകില്ലെന്ന് പരസ്യം ചെയ്യേണ്ടിവന്നു. എന്തൊരു ഗതികേടാണിത്.