cpm-

കൽപറ്റ: രാഹുൽ ഗാന്ധിയെ തോൽപിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. വയനാടിനെ പാകിസ്ഥാനുമായി ഉപമിച്ച അമിത്ഷായ്ക്ക് ചുട്ട മറുപടി... ചെങ്കടലായി കൽപറ്റയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് ആവേശമായി എൽ.ഡി.എഫിന്റെ പൊതുയോഗവും മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയും. വോട്ടു ചോദിക്കും മുമ്പേ വയനാട്ടുകാരോട് രാഹുൽ ഗാന്ധി മാപ്പു ചോദിക്കുമോ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രകടനം.

കൽപറ്റ നഗരത്തെ ചുവപ്പണിയിച്ചാണ് പൊതുയോഗം നടന്ന വിജയ പമ്പ് പരിസരത്തു നിന്ന് ആരംഭിച്ച റോഡ്ഷോ നഗരത്തിലൂടെ കടന്നു പോയത്. ശിങ്കാരി മേളത്തിന്റെയും നാസിക്ഡോളിന്റെയും അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ ചെങ്കൊടിയും കൈയ്യിലേന്തി പതിനായിരങ്ങൾ പങ്കെടുത്തു. രാഹുൽ ഗന്ധി മത്സരിക്കാനെത്തിയിട്ടും ആവേശവും ആത്മവിശ്വാസവും തെല്ലും കുറഞ്ഞില്ലെന്ന ഇടതുപക്ഷ മുന്നണി പ്രവർത്തകരുടെ പ്രഖ്യാപനത്തിനാണ് ഇന്നലെ കൽപറ്റ നഗരം സാക്ഷ്യം വഹിച്ചത്.

തുറന്ന വാഹനത്തിൽ മന്ത്രിമാരായ എം.എം. മണി, വി.എസ്. സുനിൽകുമാർ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രവർത്തകരെയും നാട്ടുകാരെയും അഭിവാദ്യം ചെയ്തു. ചെങ്കൊടി വീശി നൃത്തംവച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ആവേശമുയർത്തി.