ബാങ്ക് അക്കൗണ്ട് വഴിയുള്ളവർക്ക് പെൻഷൻ ലഭ്യമായില്ല
കോഴിക്കോട്: പ്രഖ്യാപനം നടത്തി ഒരു മാസം പിന്നിട്ടിട്ടും അക്കൗണ്ട് വഴിയുള്ളവർക്ക് ക്ഷേമ പെൻഷൻ എത്തിയില്ല. തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാൻ സഹകരണ ബാങ്കുകൾ വഴി അവശത അനുഭവിക്കുന്നവർക്ക് മാർച്ച് ആദ്യവാരം മുതൽ വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്നുണ്ട്. അതേ സമയം ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്നവർക്ക് നാളിതുവരെയായിട്ടും പെൻഷൻ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ലെന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.
വിഷുവിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പെൻഷൻ എത്തിയില്ലെന്നത് അർഹതപ്പെട്ടവരെ ആശങ്കയിലാഴ്ത്തുന്നു. ഡിസംബർ മുതൽ അഞ്ച് മാസത്തെ പെൻഷനായ 5,600 രൂപയാണ് ഓരോരുത്തർക്കും ലഭിക്കേണ്ടത്. ഇത്തവണ ബജറ്റിലൂടെ വർദ്ധിപ്പിച്ച പെൻഷനും, ഏപ്രിലിലെ പെൻഷനായ 1200 രൂപ മുൻകൂറായും ഇതിനൊപ്പം നൽകുമെന്നാണ് സർക്കാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ അവശത അനുഭവിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിച്ച് നൽകിയിട്ടും അക്കൗണ്ട് വഴിയുള്ളവർക്ക് പണം എത്തിക്കാത്തതിന്റെ കാരണമെന്താണെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടില്ല. 21,82,172 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നേരിട്ടും 23,38,654 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും പെൻഷൻ ലഭ്യമാക്കണം.
1351.78 കോടി രൂപ ബാങ്ക് വഴിയും 1278.51 കോടി രൂപ സഹകരണ സംഘങ്ങൾ വഴി നേരിട്ടും വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിച്ച് നൽകിയിട്ടും അക്കൗണ്ട് വഴിയുള്ളവർക്ക് നൽകി തുടങ്ങാത്തതാണ് പ്രതിസസന്ധി സൃഷ്ടിക്കുന്നത്. വൃദ്ധർ, ഭിന്നശേഷിക്കാർ, വിധവകൾ, കർഷകത്തൊഴിലാളികൾ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, വിവിധ അസംഘടിത തൊഴിൽ മേഖലയിലെ അവശ തൊഴിലാളികൾ തുടങ്ങി 51,71312 പേർക്ക് 2974.13 കോടി രൂപ വിതരണം ചെയ്യണം. എന്നാൽ ഇവരിൽ ഒരു വിഭാഗത്തിന് മാത്രമായി പെൻഷൻ വിതരണം ചെയ്യുന്നത് ശരിയല്ലെന്നതാണ് മറ്റുള്ളവരുടെ പരാതി. പണം എത്തിയില്ലെന്ന മറുപടിയാണ് ബാങ്കുകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. ഉടൻ വരുമെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയും ചെയ്യും. സംസ്ഥാന വ്യാപകമായി ക്ഷേമ പെൻഷൻ വിതരണം ചെയ്തുവെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അഞ്ച് മാസത്തെ പെൻഷന് വേണ്ടി എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.