വടകര: വടകരയിലെ തിരഞ്ഞെടുപ്പ് ഫലം കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ളതും പ്രത്യേകിച്ച് ടി.പി വധത്തിന്റെ ആസൂത്രകർക്കെതിരായ ശക്തമായ തിരിച്ചടിയായിരിക്കണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു വ്യക്തമാക്കി. മെയ് 4ന്റെ ടി.പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനാചരണ സ്വാഗത സംഘം രൂപീകരണ യോഗം ഓർക്കാട്ടേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലക്കേസ് പ്രതികളെ മാന്യ വൽക്കരിക്കാൻ ലോകസഭാ തിരഞ്ഞെടുപ്പ് പോലെയുള്ള ഉന്നത ജനാധിപത്യ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത് തികച്ചും അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അരുംകൊല രാഷ്ട്രീയത്തെ അവസാനിപ്പിക്കാൻ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ വിജയം സുനിശ്ചിതമാക്കണമെന്നും വേണു പറഞ്ഞു. രക്തസാക്ഷി ദിനം വിജയിപ്പിക്കാൻ കുളങ്ങര ചന്ദ്രൻ ചെയർമാനും എ.കെ ബാബു ജനറൽ കൺവീനറും എ.കെ.ഗോപാലൻ ഖജാൻജിയു'മായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.