വടകര : വടകര ലോക്‌സഭാ മണ്ഡലത്തിലെ കൂത്തുപറമ്പ്, തലശ്ശേരി, നാദാപുരം മണ്ഡലത്തിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ പതിവായി നടക്കുന്ന ബൂത്തുപിടിത്തവും കള്ളവോട്ടും തടയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകിയതായി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുല്ല എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിവായി സംഘർഷം നടക്കുന്ന ബൂത്തുകളിൽ കേന്ദ്ര സേനയെ വിനിയോഗിക്കണം, ബൂത്തിനോട് ചേർന്ന് ബാരിക്കേഡുകൾ നിർമ്മിക്കണം, ബൂത്തിനോട് ചേർന്ന് ക്യാമറകൾ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ യു.ഡി.എഫ് മുന്നോട്ടു വെച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കോടതിയെ സമീപിക്കുമെന്നും പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു. സർക്കാറിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളെ നിർണ്ണയിക്കുന്നതിൽ ആസൂത്രിതമായി രാഷ്ട്രീയക്കളി നടക്കുകയുണ്ടായി. സർക്കാറിന്റെ രാഷ്ട്രീയക്കളിക്ക് പൊലീസും ഒപ്പം ചേർന്നിരിക്കുകയാണ്. പ്രശ്‌ന ബാധിത ബൂത്തായി പ്രഖ്യാപിച്ചിരിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ ക്രമസമാധാന വിഷയങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ബൂത്തുകളാണ്. എന്നാൽ സി.പി.എം പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുപിടിത്തവും കള്ളവോട്ടും പതിവായ ബൂത്തുകളെ പ്രശ്‌ന ബാധിതമല്ലാത്തവയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 172 ബൂത്തുകൾ ഇങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങളൊക്കെയെന്നും പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും തലശ്ശേരിയിലെ സി.പി.എമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്തുകളിലും വ്യാപകമായ ക്രമക്കേടുകളാണ് കാലാ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ. പ്രവീൺ കുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ കൂത്തുപറമ്പിൽ 62 ബൂത്തുകളിൽ 250 വീതം കള്ളവോട്ടുകൾ സി.പി.എം മുൻകൈയ്യെടുത്ത് ചെയ്യുകയുണ്ടായി. ഇത്തവണയും ബൂത്തു പിടുത്തത്തിനും കള്ളവോട്ടിനും വിപുലമായ മുന്നൊരുക്കമാണ് നടക്കുന്നത്. സി.പി.എമ്മിനു വേണ്ടി തരംതാണ രാഷ്ട്രീയമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും നൂറു കണക്കിനു വോട്ടുകൾ വ്യാജമായി ചേർക്കുകയുണ്ടായി. രണ്ട് കൊലക്കേസുകളിൽ ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ പി. ജയരാജനാണ് വടകരയിലെ സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നതായും ചീഫ് എലെക്ഷൻ ഏജന്റ് പ്രവീൺകുമാർ പറഞ്ഞു. യു.ഡി.എഫ് വടകര ലോക്‌സഭാ മണ്ഡലം ജനറൽ കൺവീനർ യു. രാജീവൻ മാസ്റ്റർ, ട്രഷറർ ഐ. മൂസ, വൈസ് ചെയർമാൻ വി.എം ചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.