കോഴിക്കോട്: എൽ.ഡി.എഫ് കോഴിക്കോട് ലോക്‌സഭാ സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ പരാതി. യു.ഡി.എഫ് കോഴിക്കോട് പാർലമെന്റ് കമ്മിറ്റി ജനറൽ കൺവീനർ പി.എം നിയാസാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയത്. പരിമിതമായ സാമ്പത്തിക സൗകര്യം മാത്രം നാമനിർദേശ പത്രികയിൽ കാണിച്ച പ്രദീപ് കുമാർ വൻതുകയാണ് സ്ഥാനാർത്ഥി പ്രചാരണത്തിനായി ഒഴുക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻകിട കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഹോൾഡിങ്ങുകൾ, നിരവധി ബഹുവർണ്ണ പോസ്റ്ററുകൾ, 1157 ബൂത്തുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ, കൂടാതെ അന്താരാഷ്ട്ര നിലവാരമുളള ഇവന്റ് മാനേജ്‌മെന്റ് വഴിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുപ്പിനായി കോടികളാണ് പ്രദീപ് കുമാർ ചെലവഴിക്കുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കേണ്ടതാണ്. നവസമ്പന്നരായ പ്രവാസികളുടെ സഹായം ഏതൊക്കെ വഴിയിലൂടെ ലഭിക്കുന്നുണ്ടെന്ന് അന്വേഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള സാധ്യതക്ക് അറുതി വരുത്തണമെന്നും പരാതിയിൽ പി.എം നിയാസ് ആവശ്യപ്പെട്ടു.