കോഴിക്കോട്: കോഴിക്കോട് ലോക‌്സഭാമണ്ഡലത്തിൽ വികസനമാണ് മുഖ്യചർച്ചയെന്ന് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിന്റെ സ്വപ്നപദ്ധതിയായ മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം സംബന്ധിച്ച് എ.പ്രദീപ് കുമാർ എം.എൽ.എയും, എം.കെ. രാഘവൻ എം.പിയും, കെ.പി പ്രകാശ് ബാബുവും അവരുടെ നിലപാട് പരസ്യമായി ജനങ്ങളോട് വിശദീകരിക്കണമെന്ന് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലേക്ക് നിത്യേന വന്നുപോകുന്ന ആയിരക്കണക്കിന് ജനങ്ങൾ യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടുകയാണ്. വാഹനത്തിരക്കുകാരണം ഈ റോഡിലൂടെ യാത്ര ചെയ്യാൻ വളരെയേറെ സമയമാണ് നഷ്ടപ്പെടുന്നത്. നഗരപാതാ വികസനപദ്ധതിയിലെ ആറു റോഡുകൾ പൂർത്തിയായിട്ടും പ്രധാനപ്പെട്ട ഈ റോഡ് മാത്രം അവഗണിക്കപ്പെട്ടു. 490 ൽ 400 ഭൂവുടമകളും സമ്മതപത്രം നൽകിയിട്ടും അവർക്ക് മുഴുവൻ നഷ്ടപരിഹാരം നൽകാനും കച്ചവടക്കാർക്കും തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് നടപ്പാക്കാനും സർക്കാറിന് കഴിഞ്ഞില്ല.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ റോഡ് വികസനം മുഖ്യ ചർച്ചയായിരുന്നു. വിജയിച്ചു കഴിഞ്ഞാൽ ആവശ്യമായ മുഴുവൻ ഫണ്ടും അനുവദിച്ച് ഉടൻ പദ്ധതി പൂർത്തിയാക്കുമെന്ന് എല്ലാ മുന്നണികളും സ്ഥാനാർത്ഥികളും ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു.
ഈ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തുമെന്ന് ധനകാര്യമന്ത്രിയും, മുഴുവൻ തുകയും ഒന്നിച്ചു ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും, പദ്ധതി ഉടനെ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രിയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.
സംസ്ഥാന സർക്കാറിന്റെ ഈ പദ്ധതി പൂർത്തീകരിക്കപ്പെടാതെ പോയതിന്റെ പ്രധാന ഉത്തരവാദിത്വം ഭരണത്തിലുണ്ടായിരുന്ന മുന്നണികൾക്കും റോഡ് പൂർണ്ണമായും നിലനിൽക്കുന്ന നോർത്ത് നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിക്കുമാണ്. തുടർച്ചയായി മൂന്ന് തവണ എം.എൽ.എ ആയിരുന്ന എ പ്രദീപ് കുമാറിന് എന്തുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ.എം.ജി.എസ് നാരായണൻ, വർക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ എന്നിവർ ആവശ്യപ്പെട്ടു..