കോഴിക്കോട്: ശുദ്ധ ജലത്തിന്റെ ദൗർബല്യം കാരണം കുടിവെളളത്തിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടാകാനും ജലജന്യ രോഗങ്ങൾ പടരാനും സാദ്ധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ ടാങ്കറുകളിൽ കുടിവെളളം വിതരണം ചെയ്യുന്ന ഏജൻസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ അറിയിച്ചു.
കുടിവെളള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്തിരിക്കണം, കുടിവെളളം ശേഖരിക്കുന്ന എല്ലാ സ്രോതസ്സുകളിലെയും കുടിവെളളം പരിശോധിച്ച് നിശ്ചിത ഗുണനിലാവാരമുളളതാണെന്ന് ഉറപ്പു വരുത്തണം, ടാങ്ക് കഴുകുകയും കുടിവെളളം കൈകാര്യം ചെയ്യുന്ന ആളുകളുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കുകയും വേണം, ഭക്ഷ്യസുരക്ഷാ ലൈസൻസ്, വെളളം പരിശോധിച്ച റിപ്പോർട്ട്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ വാഹനത്തിൽ സൂക്ഷിക്കണം, ടാങ്കറുകൾ ദിവസവും വൃത്തിയാക്കണം, കുടിവെളളം കൊണ്ടുപോകുന്ന വാഹനത്തിൽ മറ്റു യാതൊരു വസ്തുക്കളും കൊണ്ടുപോകാൻ പാടില്ല, ടാങ്കറിന് മുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ എഴുതി പ്രദർശിപ്പിച്ചിരിക്കണം, കൂടാതെ കുടിവെളളം എന്നും എഴുതി പ്രദർശിപ്പിച്ചിരിക്കണം, ടാങ്ക് ബിറ്റുമിനൈസ്സ് കോട്ടിംഗോ മറ്റ് അനുവദനീയമായ കോട്ടിംഗോ ഉളളതായിരിക്കണം, ഇതിന് പുറമേ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ, സോഡ മറ്റു സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ വിതരണം ചെയ്യുകയും വിൽപന നടത്തുകയും ചെയ്യുന്നവർ ആയത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വിധം കൊണ്ടുപോകാനോ പ്രദർശിപ്പിക്കാനോ പാടില്ല. 20 ലിറ്റർ കാനിൽ വെളളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കാനുകൾ കൃത്യമായി വൃത്തിയാക്കണം. ചളുങ്ങിയതും പഴയതുമായ കാനുകൾ ഉപയോഗിക്കാൻ പാടില്ല. അവധിക്കാലമായതിനാൽ ധാരാളം എക്സിബിഷനുകളും ഫുഡ് ഫെസ്റ്റിവലുകളും ജില്ലയുടെ പല ഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഭക്ഷണവിൽപന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമായും എടുക്കണമെന്നും ഭക്ഷണ സാധനങ്ങൾ മലിനപ്പെടാതെ പ്രദർശിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അസി. കമ്മീഷണർ അറിയിച്ചു.
ടാങ്കറുകളിലെ കുടിവെളളം വാങ്ങി ഉപയോഗിക്കുന്നവർ വിതരണക്കാരന്റെ ലൈസൻസ് മുതലായ രേഖകൾ നിർബന്ധമായും പരിശോധിച്ചിരിക്കുകയും ലൈസൻസ് കോപ്പി വാങ്ങി സൂക്ഷിക്കുകയും വേണം. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും വിൽപന നടത്തുകയും ചെയ്യുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ചുമത്താവുന്ന ക്രിമിനൽ കുറ്റമാണ്. ഇത് സംബന്ധിച്ച് പൊതുജനത്തിന്റെ പരാതികൾ 8943346191, 8943346611 എന്നീ നമ്പറുകളിലും 1800 425 11 25 എന്ന ടോൾ ഫ്രീ നമ്പറിലും അറിയിക്കാം.