വടകര: വരൾച്ചയിൽ വലഞ്ഞ കർഷകർ ആവേശം കൈവിടാതെ വിളവെടുപ്പ് നടത്തി. ഒഞ്ചിയം കതിർ കർഷക കൂട്ടായ്മക്ക് ഉച്ചാൽ ഉച്ചക്ക് വെള്ളരി നട്ടാൽ വിഷു ഉച്ചക്ക് വെള്ളരി കൂട്ടാമെന്ന പഴമൊഴിക്ക് പതിരില്ലാതെ നൂറ് മേനി തന്നെ. കാലവർഷം തെറ്റിയതും ഇടമഴ ലഭിക്കാത്തതും കാരണം കുടിവെള്ളത്തിന് പോലും നാടുനീളെ ക്ഷാമം നേരിട്ടിരിക്കയാണ്. സാദാരണയായി മുമ്പ് വെള്ളരിക്കൃഷിക്കായി പ്രത്യേകം കുണ്ടുകൾ കുഴിച്ചാണ് നനക്ക് വെള്ളം കണ്ടെത്തിയിരുന്നത്. എന്നാൽ അന്തരീക്ഷ താപം ഉയർന്നതോടെ ഭൂമിയിൽ ജലനിരപ്പ് താഴുകയും വെള്ളത്തിന് നെട്ടോട്ടം ഓടുകയാണ് കർഷകർ. ഇതിനൊക്കെ പരിഹാരമാവുമായിരുന്ന കനാൽ ജലം സങ്കേതിക തകരാർ കാരണം നിലച്ചതിനാൽ പച്ചക്കറി കൃഷി കൂടാതെ ദീർഘകാല വിളകൾക്കും ഭീഷണിയായിരിക്കയാണ്. വള്ളിക്കാട് കനാൽ അക്വഡേറ്റ് തകർന്നതിനാൽ ചോറോട്, ഒഞ്ചിയം, അഴിയൂർ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളെയാണ് ഏറെ ബാധിച്ചിട്ടുള്ളത്. ഒഞ്ചിയം കതിർ കർഷിക ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള വെള്ളരി കൃഷിയടക്കം പലരും ഹോസ് ഉപയോഗിച്ച് ദൂരത്തു നിന്നും വെള്ളം വീപ്പകളിൽ സംഭരിച്ചാണ് പചക്കറി കൃഷിക്ക് നന സാധ്യമാക്കിയത്.

ഒഞ്ചിയം കതിർ കാർഷിക ക്ലബ്ബ്ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് കഴകപ്പുരത്താഴ വയലിൽ മുതിർന്ന കർഷകൻ ചണ്ടോളി ശങ്കരൻ നിർവ്വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തംഗം എംഎം കുമാരൻ മാസ്റ്റർ ഒഞ്ചിയം പഞ്ചായത്തംഗം ബേബി ഗിരിജക്ക് വെള്ളരിവില്പന ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെപി ബാബു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജയരാജൻ, ക്ലബ്ബ് ട്രഷറർ കെ.എം അശോകൻ, ഭാരവാഹികളായ കെ. ശശി, എം.കെ ബാലകൃഷ്ണൻ, കെ.പി രാഘവൻ, ആർ.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വിളവെടുപ്പിന് വി.കെ ബാബു, നവീൻ ടി.കെ, കെ.ഇ മനോജ്, എം.പി രാഘവൻ, ഉണ്ണി മാധവൻ എന്നിവർ നേതൃത്വം നല്കി. കതിർ കാർഷിക ക്ലബ്ബ് വനിതാ കമ്മിററി അംഗങ്ങളുടെ സഹകരണത്തോടെ ഒന്നര ഏക്ര സ്ഥലത്താണ് ജൈവ പചക്കറിക്ക് വിത്തിറക്കിയത്.