കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. ഭാരതീയ ജനതാ പാർട്ടിയുടെ വിവിധതരം പ്രചാരണ ബോർഡുകൾ വ്യാപകമായി പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് ഇവ നീക്കം ചെയ്തത്. കോഴിക്കോട് സി.എച്ച്. ഫ്ലൈ ഓവറിന്റെ കൈവരികളിൽ കൊടി തോരണങ്ങൾ കെട്ടിയത് ഗുരുതര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്. ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് അനധികൃത കൊടിതോരണങ്ങൾ നീക്കം ചെയ്യവേ ഒരു സംഘം ബി.ജെ.പി പ്രവർത്തകർ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഭാവിയിൽ അനധികൃത കൊടി തോരണങ്ങളോ പ്രചരണ ബോർഡുകളോ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു.