വടകര: വാഹന പരിശോധനയ്ക്കിടെ പൊലിസ് അഞ്ചര ലക്ഷം രൂപയുടെ യു.എസ് ഡോളർ തട്ടിയെടുത്തെന്ന വ്യാജ പരാതിയിൽ വടകരയിൽ രണ്ടു പേർ അറസ്റ്റിൽ. കാസർകോഡ് മഞ്ചേശ്വരം സ്വദേശികളായ വെട്ടി പറമ്പ് കടമ്പാർ മുഹമ്മദ് അസ്‌കർ(22), വെട്ടി പറമ്പ് കടമ്പാർ മുഹമ്മദ് അർഷാദ്(18)എന്നിവരെയാണ് വടകര ഡി.വൈ.എസ്.പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്വദേശിയായ ഇവരുടെ സുഹൃത്ത് വിദേശത്തേക്ക് പോകുന്നതറിഞ്ഞ് ഉപ്പളയിൽ സ്‌കൈ ട്രാവൽസും മണി എക്‌സ്‌ചേഞ്ച് സ്ഥാപനവും നടത്തുന്ന അബ്ദുൾ റസാഖ് എന്നയാൾ 7500 യു.എസ്.ഡോളർ(ഇന്ത്യൻ രൂപ അഞ്ചര ലക്ഷം) വിദേശത്ത് എത്തിക്കാൻ പ്രതികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ മാഹി വിട്ടതിനു ശേഷം പൊലിസ് തങ്ങൾ സഞ്ചരിച്ച കാറിൽ നടത്തിയ പരിശോധനയിൽ പണം കൈക്കലാക്കിയെന്ന് ഇവർ റസാഖിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് പ്രതികൾ കരിപ്പൂർ എയർ പോർട്ടിൽ സുഹൃത്തിനെ യാത്രയാക്കിയ ശേഷം വൈകീട്ടോടെ റസാഖിനൊപ്പം വന്ന് പരാതി നൽകുകയായിരുന്നു. ബൊലേറോ പൊലിസ് വാഹനത്തിൽ നാലു പൊലിസുകാരാണ് ഉണ്ടായിരുന്നതെന്നും പരാതിയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസിന്റെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ സമയങ്ങളിലൊന്നും വാഹന പരിശോധന നടന്നിട്ടില്ലെന്ന് വ്യക്തമായി. ഈ സമയങ്ങളിൽ പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലിസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ഇത്തരമൊരു സംഭവം ശ്രദ്ധയിൽപെട്ടില്ല. ഇതിനിടയിൽ ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതികൾ ഇടയ്ക്കിടെ സ്ഥലം മാറ്റി പറയുന്നതും പൊലിസിനെ കുഴക്കി. ഇതേ തുടർന്ന് സൈബർ സെൽ, ജില്ലാ ഇലക്ഷൻ സെൽ എന്നിവയുടെ സഹായവും തേടി. തെരഞ്ഞെടുപ്പ് പരിശോധനയ്ക്കായുള്ള സംഘം കൊയിലാണ്ടിക്കടുത്ത് വെച്ച് ഈ വാഹനം പരിശോധിച്ചെങ്കിലും പണമൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഇവരെ ഒഴിവാക്കിയിരുന്നു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ വിദേശത്തേക്ക് പണം കൊണ്ടുപോയതായും പ്രതികൾ മൊഴി നൽകി. ഇതോടെ പ്രതികൾ ഇവർതന്നെയാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പണം ഇന്ത്യൻ കറൻസിയാക്കി മാറ്റിയെടുക്കാൻ ഏൽപ്പിച്ച മഞ്ചേശ്വരത്തെ രണ്ടു സ്ഥാപനങ്ങളിൽ നിന്നായി ഡോളറുകൾ പൊലിസ് കണ്ടെടുത്തു. ഉടമയെ പറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലിസിനെതിരെ വ്യാജ പരാതിയുമായി രംഗത്ത് വന്നതെന്ന് ഡി.വൈ.എസ്.പി.പറഞ്ഞു.