വടകര: ലിങ്ക് റോഡിനു സമീപമുള്ള നഗരസഭാ പേ പാർക്കിംഗ് ഗ്രൗണ്ടിലെ വൻ മരം കട പുഴകി വീണ് ഏഴോളം കാറുകൾ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. ഗ്രൗണ്ടിന് പിൻ ഭാഗത്തുള്ള കൂറ്റൻ മരമാണ് വീണത്. സമീപത്തു നിർത്തിയിട്ട റോസ് പവർ യൂണിറ്റിന്റെ ജനറേറ്റർ ലോറിയിൽ മരത്തിന്റെ ഒരു ഭാഗം തട്ടി നിന്നതിനാൽ വാഹന തകർച്ചയുടെ വ്യാപ്തി കുറഞ്ഞു. വടകര ഫയർ ഫോഴ്‌സ് ക്രെയിനിന്റെ സഹായത്തോടെ മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് മരങ്ങൾ കഷ്ണങ്ങളാക്കി വെട്ടി മാറ്റിയ ശേഷം നീക്കം ചെയ്തത്. ഈ സമയത്ത് ഇരുപതിലധികം വാഹനങ്ങൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഇനിയും ബാക്കിയുണ്ട്. പേ പാർക്കിങ്ങിനായി ഗ്രൗണ്ട് ലേലം വിളിച്ചെടുത്തയാൾ പല തവണ മരം മുറിച്ചു മാറ്റാൻ നഗരസഭയോട് അവശ്യപ്പെട്ടിരുന്നു .എന്നാൽ പല കാരണങ്ങൾ പറഞ്ഞു നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പാർക്കിങ് നടത്തിപ്പുകാരൻ സത്യൻ പറഞ്ഞു. പാർക്കിങ് ഗ്രൗണ്ടിന് തൊട്ട് പിറകിലായി ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾ ഈ മരത്തിനു ചുവട്ടിൽ ക്യാംപ് ചെയ്യുന്നതും പതിവാണ്. വിദ്യാലയം അടച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗ്രൗണ്ടിലെ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കാൻ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റിന് മാസങ്ങൾക്ക് മുൻപേ കത്ത് നൽകിയതായി നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ പറഞ്ഞു.