മുക്കം: അമിത് ഷാ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വയനാട് കേരളത്തിൻറെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രദേശമാണെന്നും ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് പൂർണ സംരക്ഷണം ഇവിടെയുണ്ട്. ഈ പ്രസ്താവന പിൻവലിച്ച് വയനാട്ടിലെ ജനങ്ങളോട് അമിത് ഷാ മാപ്പുപറയണം. കാസർകോട്പെരിയ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യമെന്നും ഇല്ലെങ്കിൽ ക്രൂരമായി കൊലചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിനെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വികാരം മാനിച്ച് സിബിഐ അന്വേഷണത്തിന് സമ്മതിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വയനാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ പത്രിക നൽകിയതിന്റെ തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ ഒരു പൊതുയോഗത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധി വടക്കേ ഇന്ത്യയിൽ നിന്നും ഒളിച്ചോടി എന്നും ഹിന്ദുക്കളെ പേടിയാണെന്നും ന്യൂനപക്ഷങ്ങളുടെ സന്തോഷം തേടി പോയതാണെന്നും പറഞ്ഞു കേട്ടു . എന്നാൽ ഇത് വയനാട്ടിൽ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലത്ത കാര്യമാണ്. വയനാട് മണ്ഡലം എടുത്താൽ അതിൽ 52 ശതമാനത്തിൽ അധികമാണ് ഭൂരിപക്ഷ സമുദായങ്ങൾ . ഇവിടത്തെ എല്ലാ ന്യൂനപക്ഷങ്ങളും കൂടി 47 ശതമാനമാണ് വരുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തതമാക്കി. പ്രധാനമന്ത്രിയെപോലുള്ള ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ജനങ്ങളെ വിഭാഗീയതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് കാണുന്നത് തെറ്റാണെന്നും ആ തെറ്റ് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതു കൂടി ആണെങ്കിൽ അങ്ങേയറ്റം പ്രതിഷേധാർഹമായിട്ടുള്ള ഒരു സംഗതിയാണന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.പി.അനിൽകുമാർ, എൻ.സുബ്രമണ്യൻ, സി.പി.ചെറിയ മുഹമ്മദ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.