കോഴിക്കോട്: ഇന്ത്യയിലെ പുരുഷ, വനിതാ കളിക്കാരുടെ ദേശീയ തലത്തിലുള്ള റാങ്കിംഗ് തീരുമാനിക്കുന്ന യോനക്സ് സൺറൈസ് - മാതൃഭൂമി ആൾ ഇന്ത്യ സീനിയർ ബാഡ്മിന്റൺ റാങ്കിംഗ്സ് ടൂർണമെന്റ് ഈ മാസം 16 മുതൽ 21 വരെ കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 16,17 തീയതികളിൽ മെയിൻ ഡ്രോവിൽ കളിക്കാൻ വേണ്ടിയുള്ളവർക്കുള്ള ക്വാളിഫൈഡ് ടൂർണമെന്റും 18 മുതൽ 21 വരെ മെയിൻ ഡ്രോ കളികളുമാണ് നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നായി 733 കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. 50ൽ അധികം ഒഫിഷ്യൽസ് കളികൾ നിയന്ത്രിക്കാനുണ്ടാകും. 805 മത്സരങ്ങൾ ഈ ആറു ദിവസങ്ങളിലായി നടത്തും. പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാവുന്ന ടൂർണമെന്റിൽ സിംഗിൾസ്, ഡബിൾസ് വിഭാഗവും മിക്സഡ് ഡബിൾസ് മത്സരങ്ങളും ഉണ്ടായിരിക്കും. അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്ന ഒരു ടൂർണമെന്റ് കൂടിയാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി വൈസ് ചെയർമാൻ പ്രൊഫ. കെ ശിവരാജൻ, എസ് മുരളീധരൻ, ഹരീഷ്, ഇ.ആർ വൈശാഖ്, പി.കെ റോയ്, എ വത്സലൻ എന്നിവർ പങ്കെടുത്തു.