thushar-vellappally-

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട്. ഇതേത്തുടർന്ന് തുഷാറിനുള്ള സുരക്ഷ ശക്തമാക്കി.

രണ്ട് ഗൺമാൻമാർ സദാ തുഷാറിനൊപ്പമുണ്ടാകും. പ്രചാരണ പരിപാടികളിൽ തണ്ടർബോൾട്ടിന്റേത് ഉൾപ്പെടെ നിരീക്ഷണവുമുണ്ടാകും. വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു ഇന്നലെ തുഷാറിന്റെ പര്യടനം.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് പോസ്റ്ററുകളും ലഘു ലേഖകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീടുകളിൽ ലഘു ലേഖയും വിതരണം ചെയ്‌തു. കഴിഞ്ഞ ദിവസം വയനാട് പ്രസ് ക്ളബിലും മാവോയിസ്റ്റുകളുടെ ലഘുലേഖയെത്തി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തോട്ടം തോഴിലാളികളോടും മറ്റും ആഹ്വാനം ചെയ്യുന്നതായിരുന്നു ഉള്ളടക്കം. വൈത്തിരി റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിന് തിരിച്ചടിയുണ്ടാകുമെന്ന നിഗമനത്തിൽ വനാതിർത്തിയിലുള്ള ആറ് പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തേ തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.