കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജില്ലയിലെ റോഡ് പ്രവൃത്തി നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വിവിധ പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് റോഡുകള്‍, പി.ഡബ്ലൂ.ഡി, കെ.എസ്.ടി.പി, പ്രധാനമന്ത്രി സഡക് യോജന എന്നീ ഏജന്‍സികൾക്കാണ് നിർദ്ദേശം നൽകിയത്.പ്രവൃത്തി കാരണം കേബിളുകളില്‍ കേടുപാടുകള്‍ സംഭവിക്കുകയും അതു കാരണം ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റിക്ക് തടസം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്. എല്ലാ ഏജന്‍സികളും പ്രവൃത്തി നിര്‍ത്തിവെച്ചെന്ന് ഉറപ്പുവരുത്തണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 936 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതിനായി ബിഎസ്.എന്‍.എല്‍ കണക്ടിവിറ്റി ജില്ലയിലുടനീളം തടസ്സം കൂടാതെ ഉറപ്പ് വരുത്തേണ്ട ബാദ്ധ്യത ജില്ലാ ഭരണകൂടത്തിനുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.