കോഴിക്കോട്: പോളിംഗ് ബൂത്തുകളിൽ നിന്ന് 200 മീറ്റർ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രചാരണ സാമഗ്രികളും പോളിംഗ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പായി നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിൽ വരുന്നതായും ഇവിടങ്ങളിൽ സ്ഥിര നിർമിതിയായി പാർട്ടി ചിഹ്നങ്ങൾ, പതാകകൾ എന്നിവ സ്ഥാപിച്ചതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവ പുറമെ കാണാത്ത രീതിയിൽ പൊതിഞ്ഞ് സംരക്ഷിക്കേണ്ടതാണെന്നും നിർദേശം എല്ലാ രാഷ്ട്രീയ പാർട്ടികളും കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചട്ടം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പൊതു സ്ഥലങ്ങൾ കയ്യേറി അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ, പ്രചാരണ സാമഗ്രികൾ എന്നിവ നീക്കം ചെയ്ത് ചെലവുകൾ സ്ഥാനാർത്ഥിയുടെ കണക്കിൽ പെടുത്തുകയും ചെയ്യും.