കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് സന്ദർശനം തടസ്സപ്പെടുത്താൻ നിരവധി തവണ കോഴിക്കോട് ജില്ലാ കളക്ടർ ശ്രമിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ റിപ്പോർട്ട് നൽകാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തുടക്കം മുതൽ പക്ഷപാതപരമായി പെരുമാറുന്ന ജില്ലാ കളക്ടറെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം.ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശന പരസ്യ ബോർഡുകൾ കളക്ടർ നീക്കം ചെയ്യാൻ ഉത്തരവിട്ടു.ഇതിൽ സ്ഥാനാർത്ഥിയുടെ പേരോ പാർട്ടി ചിഹ്നമോ ഉണ്ടായിരുന്നില്ല. പതിനൊന്നാം തിയതി രാത്രി കടപ്പുറത്തെ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് എത്തിയ കളക്ടർ തന്നോട് ഓരോ മണിക്കൂറിലും പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടു.റിപ്പോർട്ട് നൽകാൻ താൻ കളക്ടറുടെ കീഴ് ജീവനക്കാരനല്ല.ഒരു ഘട്ടത്തിൽ സന്ദർശനം റദ്ദ് ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അടിയന്തിര സന്ദേശം അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി.

ബി.ജെ.പി നേതാക്കളെ ജാമ്യം ലഭിക്കാത്ത വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞു.ഔദ്യോഗിക കൃത്യനിർവണം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് റിപ്പോർട്ട് നൽകാൻ അദ്ദേഹം കീഴ്‌ജീവനക്കാരോട് ആവശ്യപ്പെട്ടു.എന്നാൽ ആരും റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം പൊതുസ്ഥലത്ത് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ ബോർഡ് കലക്ടർ കണ്ടില്ലെന്ന് നടിച്ചു. ബി.ജെ.പിയോട് വിരോധമുണ്ടെന്ന് കരുതി പ്രധാനമന്ത്രിയെ അവഹേളിക്കാൻ അനുവദിക്കില്ല. പ്രധാന മന്ത്രിയുടെ ഓഫീസിലും ഈ വിവരം അറിയിച്ചിട്ടുണ്ട്.

അന്തിമ വോട്ടർ പട്ടിക വന്നതിന് ശേഷം നിയമവിരുദ്ധമായി വോട്ടർ പട്ടികയിൽ ചിലരെ ചേർത്തതായി അദ്ദേഹം പറഞ്ഞു.മലാപ്പറമ്പിലെ 1157 ബൂത്തിൽ മാത്രം 18 പേരെ നിയമവിരുദ്ധമായി ചേർത്തിട്ടുണ്ട്. ഇവർ കോഴിക്കോട് മണ്ഡലത്തിൽ താമസിക്കുന്നവരല്ലെന്ന് കണ്ട് നേരത്തെ ബൂത്ത് ലെവൽ ഓഫീസർ തള്ളിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.