മേപ്പയ്യൂർ: നിസ്വരും നിരാലംബരുമായ മനുഷ്യരുടെ അതിജീവന സമരങ്ങളുടെ എതിർപക്ഷത്ത് നിലയുറപ്പിച്ച് കോർപ്പറേറ്റുകളുടെയും മുതലാളിത്ത വികസന നയത്തിന്റെയും നടത്തിപ്പുകാരായ വ്യവസ്ഥാപിത ഇടതുപക്ഷം ജനപക്ഷത്തല്ലെന്ന് ആർ.എം.പി.ഐ കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ.രമ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ പിന്തുണച്ച് ആർ.എം.പി മേപ്പയൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജയരാജനെ കൊലയാളിയെന്ന് വിളിച്ചത് ചന്ദ്രശേഖരന്റെ ജീവിത സഖിയായ തന്റെ ഉള്ളിലെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കണ്ണൂർ ജില്ലയിൽ നിന്നുള്ള കൊടും ക്രിമിനലുകളാണ് ചന്ദ്രശേഖരനെ വധിച്ചത്. കണ്ണൂരിലെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ അറിയാതെ അവിടെ നിന്നുള്ളവർ കോഴിക്കോട് ജില്ലയിലെത്തി കൊലപാതകം നടത്തില്ല. ഒളിത്താവളങ്ങൾ നൽകിയും ലക്ഷങ്ങൾക്ക് ചെലവഴിച്ച് നിയമസഹായം നൽകിയും, കോടതി ശിക്ഷിച്ച വരെ പാർട്ടി പദവികളിൽ സംരക്ഷിച്ചും അവർ അത് തെളിയിയിച്ചതാണ്.
ജനാധിപത്യത്തെ സംരക്ഷിക്കാൻ ബി.ജെ.പി.യെ പരാജയപ്പെടുത്തണം. അതുകൊണ്ടാണ് ഫാസിസ്റ്റ് ഭീഷണിക്കും, സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെ ആർ.എം.പി യു.ഡി.എഫിനെ പിന്തുണക്കുന്നത്.

പി.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രകാശ്, കെ.ലിനീഷ്, എം.കെ.മുരളീധരൻ എന്നിവർ സംസാരിച്ചു.