മുക്കം: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണ്ണയിക്കാനുതക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ രാഷ്ട്രിയ എതിരാളികളേയല്ല ഇടതുപക്ഷമെന്ന് കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രൻ അഭിപ്രായപ്പെട്ടു. രാഗാ സാംസ്കാരിക കൂട്ടായ്മ നോർത്ത് കാരശ്ശേരിയിലെ കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ് പരിവാർ പടർത്തിയ വിഭജനത്തിന്റെയും വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ടീയം ഇന്ത്യൻ സമൂഹങ്ങളെ മതപരമായി വിഭജിച്ചു കഴിഞ്ഞു. അങ്ങനെ ധൃവീകരിക്കപ്പെട്ട സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ നേതൃത്വം അധികാരത്തിൽ വന്നാലുമില്ലെങ്കിലും കോൺഗ്രസ്സ്ഏറ്റെടുക്കേണ്ടതുണ്ട്. ഈ പ്രത്യാശയാണ് ശാസ്ത്ര, സാഹിത്യ, കലാരംഗങ്ങളിലുള്ളവർ ഈ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന പ്രാധാന്യത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ ലോകസഭാ പ്രാതിനിധ്യത്തിൽ ഒറ്റ സംഖ്യയ്ക്കപ്പുറം പോവാൻ ശേഷിയില്ലാത്ത ഇടതുപക്ഷത്തെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാതലത്തിലായാലും കേരളത്തിലായാലും ഹിംസയാണ് സമൂഹം നേരിടുന്ന മുഖ്യ വെല്ലുവിളിയെന്ന് പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ എൻ. പി. ചെക്കുട്ടി അഭിപ്രായപ്പെട്ടു. ബി.ജെ.പി. സൃഷ്ടിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതിരോധത്തിന്റെ ബദൽ സമീപനമുണ്ട് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ. ബി.ജെ.പി.യുടെ പ്രകടനപത്രികയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ രാഷ്ടീയം മനസ്സിലാവുക. കോൺഗ്രസ്സിന്റെ പ്രകടനപത്രികയ് ക്കൊപ്പം നിൽക്കാൻ ഉള്ള ബാദ്ധ്യത വോട്ടർമാർക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സലാം കാരമൂല അദ്ധ്യക്ഷത വഹിച്ചു. പി. സി. അബൂബക്കർ,മധു പൊറ്റശ്ശേരി, കെ.പി. വദൂത് റഹ്മാൻ എന്നിവർ സംസാരിച്ചു.