വടകര: ഒഞ്ചിയം മാതൃകാ മത്സ്യക്കുളത്തിലെ ആദ്യ വിളവെടുപ്പ് ഉത്സവം ജില്ലാ പഞ്ചായത്തംഗം ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന ഉദ്ഘാടനം യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ നിർവ്വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ജയരാജൻ, പഞ്ചായത്തംഗം കൊടക്കാട്ട് ഷജിന എന്നിവർ സംബന്ധിച്ചു. റിട്ടയർ ചെയ്ത പത്ത് അദ്ധ്യാപകരുടേയും ഒരു വിദേശിയുടെയും സംയുക്ത സംരംഭമാണ് ഒഞ്ചിയം മാതൃകാ മത്സ്യക്കുളം. ആധുനിക സംവിധാനത്തിൽ ആറ് മാസം കൊണ്ടാണ് ഗിഫ്റ്റ് തിലാപ്പിയ ഇനത്തിലെ മത്സ്യം വിളവെടുപ്പിനു സാധ്യമായത്. കട്ട്ല, രോഹു മത്സ്യങ്ങളും വിളവെടുപ്പിനു തയ്യാറായിട്ടുണ്ട്.അക്വാപോണിക്സ് കൃഷി രീതിയിലാണ് ഇവിടെ മത്സ്യകൃഷി നടത്തിയത്. ഇതോടൊപ്പം കൃഷി ചെയ്ത ഗന്ധകശാല നെല്ലും തഴച്ചുവളരുകയാണ്. കൂടാതെ ജൈവ പച്ചക്കറി കൃഷിയും, ടാങ്കിലെ വെള്ളം ശുദ്ധീകരണ പ്രക്രിയയിൽ മത്സ്യവിസർജ്യം ജൈവകൃഷിക്ക് ഉപയുക്തമാക്കും വിധമാണ് സംവിധാനം. ഇതിനു പുറമെ മരച്ചീനി, പപ്പായ കൃഷികൾ തുടങ്ങി കൂട്ടായ്മയിൽ കോഴിഫാം,ആടു ഫാം എന്നിവയും പ്രവർത്തനസജ്ജമാവുന്നതായി സംഘാടകർ പറഞ്ഞു. അഗ്രിക്കൾചർ, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മാതൃക മത്സ്യക്കുളം നിർമ്മിച്ചത്.