കോഴിക്കോട്: അത്യന്തം അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദൻ. മാത്തോട്ടത്ത് കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിന്റെ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഇന്ത്യയെ ശിഥിലമാക്കുന്നത് രണ്ട് രീതിയിലാണ്. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത് വർഗീയ കലാപങ്ങൾക്ക് കോപ്പു കൂട്ടുകയാണ് ഒന്ന്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ഹിന്ദുക്കളെ മാത്രം അഭിസംബോധന ചെയ്ത് ഹിന്ദുക്കളെ ഇളക്കിവിടുന്ന പ്രസംഗമാണ് നടത്തിയത്. ഹിന്ദുക്കളുടെ ആചാരങ്ങളും സംസ്‌കാരങ്ങളും ആശയങ്ങളും അടിസ്ഥാനമാക്കിയാണ് രാഷ്ട്ര നിർമിതി നടത്തേണ്ടതെന്ന് പ്രഖ്യാപിച്ച് ആർഎസ്എസിന്റെ ശബ്ദത്തിലാണ് ഇപ്പോൾ നരേന്ദ്ര മോദി സംസാരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയേയും, ദേശീയ പതാകയെയും ദേശീയ ഗാനത്തെയും തള്ളിപ്പറഞ്ഞവരാണ് ആർഎസ്എസുകാർ.സവർണ ഹിന്ദു രാഷ്ട്രമുണ്ടാക്കാനാണ് മോദി വീണ്ടും വോട്ടു തേടുന്നത്.
കോഴിക്കോട് മണ്ഡലത്തിലെ ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.