വടകര: ഒരൊറ്റ മണ്ഡലത്തിൽ പോലും ബി.ജെ.പിയുമായി മുഖാമുഖം മത്സരിക്കാത്ത സി.പി.എം എങ്ങിനെ ബി.ജെ.പിയെ എതിർക്കുമെന്ന് കെ.എം ഷാജി എം.എൽ.എ. ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോരാട്ടമെന്നിരിക്കെ നിലനിൽപിന് വേണ്ടി മാത്രമാണ് സി.പി.എം മത്സരിക്കുന്നത്. യു.ഡി.എഫ് വടകര മുനിസിപ്പൽ കമ്മിറ്റി താഴെ അങ്ങാടി സീതി സാഹിബ് മൈതാനിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ എതിർക്കപ്പെടാൻ പറയപ്പെടുന്ന കാര്യങ്ങളൊക്കെ സി.പി.എമ്മിനും ബാധകമാണ്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കണ്ണൂർ ജില്ലയിലെ സി.പി.എം കാരണക്കാരാണ്. കൊലപാതകങ്ങളിൽ സാക്ഷികളും പ്രതികളുമായവർ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെടുന്ന സംഭവങ്ങളിൽ നിന്നും സി.പി.എമ്മിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു. രാജ്യം കണ്ട മാന്യനായ പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു മൻമോഹൻ സിംഗ് എങ്കിൽ അമാന്യനായ പ്രധാനമന്ത്രി എന്ന വിശേഷണമാണ് നരേന്ദ്ര മോദിക്ക് ചേരുകെയന്നും കെ.എം ഷാജി അഭിപ്രായപ്പെട്ടു. വടകര ടൗൺ മുസ്്‌ലിംലീഗ് പ്രസിഡന്റ് പ്രൊഫ കെ.കെ മഹമൂദ് അധ്യക്ഷനായി. മരിയാപുരം ശ്രീകുമാർ, കാവിൽ പി മാധവൻ, എം.സി വടകര, കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി അബ്ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരൻ, കളത്തിൽ പീതാംബരൻ സംസാരിച്ചു. പി.എസ് രഞ്ജിത്കുമാർ സ്വാഗതവും എം. ഫൈസൽ നന്ദിയും പറഞ്ഞു.