കോഴിക്കോട്: വിഷു തൊട്ടടുത്തെത്തിയതോടെ നാടെങ്ങും വിഷു വിപണി സജീവമായി. കടുത്ത വെയിലിനെയും ചൂടിനെയും അവഗണിച്ച് സകുടുംബമാണ് പലരും ഷോപ്പിംഗിനെത്തിയത്. കുട്ടികൾക്ക് വേനലവധിയും ആയതോടെ ഉത്സവ പ്രതീതിയാണ് നഗരത്തിൽ.
പ്രധാന തെരുവുകളിലും റോഡുകളിലുമെല്ലാം തെരുവ് കച്ചവടവും പൊടിപൊടിച്ചു. വിലക്കയറ്റത്തിന്റെ കാലത്ത് സാധാരണക്കാർക്ക് ആശ്വാസമാകുന്നത് വഴിവാണിഭം തന്നെയാണ്. പതിവു പോലെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വഴിയോര കച്ചവടക്കാരിൽ ഭൂരിഭാഗവും. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ വൈവിധ്യമാർന്ന മോഡലുകളുമായാണ് വഴിവാണിഭക്കാർ ജില്ലയിലെത്തിയിട്ടുള്ളത്. കൂടാതെ ചെരിപ്പുകൾ, വിവിധ തരം കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, എന്നിവയും ഉണ്ട്. മാനാഞ്ചിറ മുതൽ പാവമണി റോഡ് വരെയാണ് വഴിവാണിഭക്കാർ തമ്പടിച്ചത്. മിഠായിത്തെരുവിലും വഴിവാണിഭം സജീവമാണ്.
അമ്പത് രൂപ മുതൽ മുകളിലേക്കാണ് വസ്ത്രങ്ങളുടെ വില. സാധനങ്ങൾക്കുള്ള വിലക്കുറവ് തന്നെയാണ് തെരുവ് കച്ചവടത്തിലേക്ക് കൂടുതൽ പേരേയും ആകർഷിക്കുന്നത്.
സർക്കാറിന്റെ വിഷു കൈത്തറി മേള കമ്മീഷണർ ഓഫീസ് പരിസരത്തും ഖാദി വിഷു ഫെസ്റ്റ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിലും നടക്കുന്നുണ്ട്. കൈത്തറി വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനൊപ്പം പ്രത്യേക ഡിസ്‌കൗണ്ടുകളും ഈ മേളകളിലുണ്ട്.
കണിവെള്ളരിക്കും ശ്രീകൃഷ്ണ വിഗ്രഹങ്ങൾക്കും നല്ല ഡിമാന്റാണ്. രീതിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കുറ്റിക്കാട്ടൂർ, പെരിങ്ങൊളം, മാവൂർ, പെരുവയൽ, ചെറുവാടി, കൊടിയത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കണിവെള്ളരികൾ നഗരത്തിലെത്തുന്നത്. ശ്രീകൃഷ്ണ പ്രതിമകൾക്ക് 100 മുതൽ 30,000 രൂപ വരെ വിലയുണ്ട്.
വിഷു സ്‌പെഷ്യലായ കായ വറുത്തതും ശർക്കര വറുത്തതുമെല്ലാം ബേക്കറികളിൽ ഒരുക്കി. പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പച്ചക്കറി, പഴ വിൽപനയും തകൃതിയായിരുന്നു. വിഷമില്ലാത്ത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധയിടങ്ങളിലായി വിഷുച്ചന്തകളും ഒരുക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണവും ഒപ്പം വിഷു വിപണി തിരക്കും നഗരത്തിൽ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത് ട്രാഫിക് പൊലീസിന് തലവേദനയായി. പാർക്കിംഗ് സംവിധാനമില്ലാത്തതിനാൽ വിപണിയിലേക്ക് എത്തുന്ന വാഹനങ്ങൾ പലയിടങ്ങളിലായി പാർക്ക് ചെയ്യുന്നത് രൂക്ഷമായ ഗതാഗത പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്നും കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കാനും വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുമുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.