കൽപറ്റ: മഹാത്മാഗാന്ധിയുടെ പാർട്ടിയും ഗോഡ്‌സെയുടെ പാർട്ടിയും തമ്മിലുള്ള അകലം കുറഞ്ഞുവെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു.വയനാട് പ്രസ് ക്ളബ് നടത്തിയ മീറ്റ ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്സ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറി.1991 ലെ ബേപ്പൂർ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടാൻ ആശയപരമായും രാഷ്ട്രീയമായും സുനീർ ശക്തനാണ്. വയനാട് മണ്ഡലത്തിൽ ഇന്നലെ ഒരു ലക്ഷം വളണ്ടിയർമാരാണ് ക്യാമ്പയിൻ നടത്തിയത്. ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രചാരണം എത്തി. ഇന്ത്യൻ രാഷ്ട്രീയ മൂല്യം തിരിച്ചറിയാതെയാണ് രാഹുൽഗാന്ധി വയനാട്ടിൽ ഇടതുമുന്നണിക്കെതിരെ സ്ഥാനാർത്ഥിയായത്. ബിജെപി വെറും രാഷ്ട്രീയ പാർട്ടിയല്ല. ആർഎസ്എസ് പ്രത്യയ ശാസ്ത്രം തുടരുന്ന പാർട്ടിയാണ്, ഫാസിസ്റ്റുമാണ്. ഇവരിലേക്ക് ഭരണം പോകരുത്. കോൺഗ്രസിനിപ്പോഴും അറിയില്ല ഇന്ത്യയിലെ പ്രധാന ശത്രു ആരാണെന്ന്.

കോൺഗ്രസുകാർ വീണ്ടും നെഹ്റുവിനെ പഠിക്കണം. അപ്പോൾ മനസിലാകും ഇടതല്ല ആർഎസ്എസ് ആണ് ശത്രുവെന്ന്. കോൺഗ്രസും ബിജെപിയും ഇടതു വിരുദ്ധ പ്ലാറ്റ്‌ഫോമിൽ സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സർവ്വേകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. കമ്പോള ശക്തികളാണ് സർവേ നടത്തുന്നത്. എൽഡിഎഫിനെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്താണ് കാര്യമെന്നാണ് ചിലർ ചോദിക്കുന്നത്. ജയിച്ചു പോവുന്ന ഓരോ എംപിയും ബിജെപിയെ തടയാൻ കരിമ്പാറ പോലെ പാർലിമെന്റിൽ ഉണ്ടാകും. എംപിമാർക്ക് ബിജെപി വില പറയുമ്പോൾ ഞങ്ങൾ കോൺഗ്രസ്സ് വിടില്ലെന്ന് പറയുന്ന എത്ര എംപിമാരുണ്ടാകും. ഈ ഭൂമുഖത്തെ മുഴുവൻ സ്വത്തും വെച്ചാലും ആദർശങ്ങളെയും വിശ്വാസങ്ങളെയും തള്ളിക്കളയാൻ ഒറ്റ ഇടതുപക്ഷ എംപിയേയും കിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു. എം കമൽ സ്വാഗതവും ടി എം ജെയിംസ് നന്ദിയും പറഞ്ഞു.