കുറ്റ്യാടി: മുപ്പത്തി എട്ട് വർഷക്കാലം പ്രവാസ ജീവിതം നയിച്ച നമ്പോടങ്കണ്ടി അബ്ദുല്ലയ്ക്ക് ആദ്യമായി വോട്ടവകാശം ലഭിക്കുന്നത് ഇത്തവണ. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രവാസ ജീവിതമാരംഭിച്ചതാണ് അബ്ദുല്ല. ഖത്തർ ഇലക്ട്രിസിറ്റിയിൽ ഓഫീസ് സെക്രട്ടറിയായിട്ടായിരുന്നു ജോലി.
പിറന്ന നാടിൻറെ ജനാധിപത്യ പ്രക്രിയയിൽ പടിക്കു പുറത്തായിരുന്നു ഇക്കാലമത്രയും.
പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകാനുള്ള തീരുമാനത്തിലൂടെ ആ ചരിത്രം മാറ്റിയെഴുതപ്പെട്ടതിൽ സന്തോഷ വാനാണ് ഇദ്ദേഹം.
38 വർഷവും ഖത്തറിൽ തന്നെ ജോലി ചെയ്ത് 2017 ലാണ് സർവ്വീസിൽ നിന്നു വിരമിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ പലതവണ നാട്ടിൽ വന്നുവെങ്കിലും വോട്ടെടുപ്പ് സമയത്തല്ലാത്തതും, വോട്ടർ പട്ടികയിൽ പേരില്ലാത്തതും കാരണം വോട്ടവകാശം വിനിയോഗിക്കാനായില്ല. വരാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് കൈവശം കിട്ടിയതു മുതൽ കന്നി വോട്ടിനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.
നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തിയവർക്കെതിരെയായിരിക്കും ആദ്യവോട്ട് എന്ന് അബ്ദുല്ല നമ്പോടങ്കണ്ടി പറയുന്നു. നരിപ്പറ്റ പഞ്ചായത്തിൽ നൂറ്റി ഏഴാം നമ്പർ ബൂത്തിലെ വോട്ടറാണ് അബ്ദുല്ല.
പടം : അബ്ദുല്ല നമ്പോടങ്കണ്ടി .