പേരാമ്പ്ര: കോഴിക്കോട് വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പൂഴിത്തോട്- പടിഞ്ഞാറെത്തറ റോഡ് വീണ്ടും ചർച്ചയാവുന്നു. കഴിഞ്ഞ കാലങ്ങളിലെല്ലാം മേഖലയ്ക്കു വികസന കുതിപ്പേകുന്ന റോഡ് തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്രചരണത്തിൽ വീണ്ടും ഇടം കണ്ടെത്തുകയാണ്. ഇരുപത്തിയഞ്ച് വർഷം മുമ്പ് പടിഞ്ഞാറെത്തറയിൽ കെ. കരുണാകരനും പൂഴിത്തോട്ടിൽ പി.കെ.കെ ബാവയുമിട്ട തറക്കല്ലുകൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുമെന്നു വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പൂഴിത്തോട്ടിൽ കഴിഞ്ഞ ദിവസംപ്രഖ്യാപിച്ചു.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ നിയമക്കുരുക്കു കാരണം പൂർത്തിയാകാതെ കിടക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് പുതിയ സാഹചര്യത്തിൽ സാക്ഷാത്കരിക്കപ്പെടുമെന്നു തെരഞ്ഞെടുപ്പു പ്രചരണ പര്യടനവുമായി പൂഴിത്തോട്ടിലെത്തിയ മുരളീധരൻ പറഞ്ഞു. നാട്ടുകാർ റോഡിനായി വിട്ടു കൊടുത്ത സ്ഥലം അനാഥമാകില്ലെന്നു നിറഞ്ഞ കൈയ്യടികൾക്കിടയിൽ മുരളി അറിയിച്ചു. കോഴിക്കോട്ടു നിന്നു വയനാട്ടിലേക്കു ഗതാഗത സൗകര്യങ്ങൾ വർധിക്കുന്നത് ഗുണകരവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മറ്റു കക്ഷികളും അടുത്തദിവസങ്ങളിലെ പ്രചരണത്തിൽ റോഡ് പ്രധാന ചർച്ചാ വിഷയമാക്കുമെന്നാണ് കണക്കുകൂട്ടുന്നത് .
ഫോട്ടോ : കാടിനു മുകളിലൂടെ വിഭാവനം ചെയ്യുന്ന പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡ്