കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം സംബന്ധിച്ച് ഉണ്ടായ തർക്കം കാരണം ബാംഗ്ലൂർ ബസ്സ് വൈകിയത് അരമണിക്കൂർ. ഇന്നലെ രാവിലെ എട്ടിന് കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോകേണ്ട ഡീലക്സ് ബസ്സാണ് അരമണിക്കൂറോളം വൈകി പുറപ്പെട്ടത്. ഡ്യൂട്ടിക്ക് നിയോഗിച്ച യൂണിയൻ നേതാവായ കണ്ടക്ടർ കം ഡ്രൈവർ അതിന് ശേഷം പോകേണ്ട 8.30ന്റെ മൾട്ടി ആക്സിൽ വോൾവോ ബസ്സിൽ മാത്രമെ ഡ്യൂട്ടി ചെയ്യുകയുള്ളു എന്ന് വാശിപിടിച്ചത് കാരണ.മാണ് ബസ്സ് പുറപ്പെടാൻ വൈകിയത്.
സാധാരണ മൾട്ടി ആക്സിൽ ബസ്സിൽ പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്. എന്നാൽ മൾട്ടി ആക്സിൽ ബസ്സിൽ കണ്ടക്ടർ കം ഡ്രൈവർ പരിശീലനം ലഭിച്ച മറ്റൊരാളുടെ ലോഗ്ഷീറ്റിൽ തിരുത്തൽ വരുത്തിയാണ് ഡ്യൂട്ടി ചെയ്തത്. എന്നാൽ ഇന്നലത്തെ സർവ്വീസിൽ ഇദ്ദേഹം വാശിപിടിച്ച് ഡ്യൂട്ടി ചെയ്യുകയായിരുന്നു.
ദീർഘദൂര ബസ്സുകളിൽ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർക്കും കണ്ടക്ടർമാർക്കും ഡ്യൂട്ടി മാറി ചെയ്ത് യാത്രാ ക്ഷീണം മാറ്റാനായിരുന്നു കണ്ടക്ടർ കം ഡ്രൈവർ പരിഷ്‌ക്കാരം കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവന്നത്. മൾട്ടി ആക്സിൽ ബസ്സുകളിൽ കണ്ടക്ടർ കം ഡ്രൈവർ ഡ്യൂട്ടി ചെയ്യാൻ പ്രത്യേക പരിശീലനമാണ് നൽകിയിരുന്നത്.
കെ.എസ്.ആർ.ടി.സി എം.ഡിയായിരിക്കെ ടോമിൻ ജെ തച്ചങ്കരിയായിരുന്നു ഈ പരിഷ്‌ക്കരണം കൊണ്ടുവന്നത്. നിരവധി തവണ ഈ തീരുമാനം നേതാക്കൾ അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയതായി പരാതി ഉയർന്നിരുന്നു.