ബാലുശ്ശേരി: എൻ.ഡി.എ കോഴിക്കോട് ലോക്‌സഭാ സ്ഥാനാർത്ഥി പ്രകാശ് ബാബു ഇന്നലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. നിരവധി ഇരുചക്ര വാഹനങ്ങൾ യാത്രയ്ക്ക് അകമ്പടിയേകി. ബാൻഡ് സംഘവും പടക്കവും സ്വീകരണങ്ങൾക്ക് കൊഴുപ്പേകി. കൂരാച്ചുണ്ടിൽ നിന്നാരംഭിച്ച യാത്രയ്ക്ക് കായണ്ണയിൽ ആദ്യ സ്വീകരണം നൽകി. നരയംകുളം, തൃക്കുറ്റിശ്ശേരി, വാകയാട് അങ്ങാടി, നടുവണ്ണൂർ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. യാത്രയ്ക്കിടെ നടുവണ്ണൂർ അങ്ങാടിയിൽ വച്ച് ഓട്ടോതട്ടി പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ചത് പ്രകാശ് ബാബുവിന്റെ വാഹനത്തിലായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിലാണ് പ്രകാശ് ബാബു പള്ളിയത്ത്കുനിയിലെ സ്വീകരണസ്ഥലത്തേക്ക് എത്തിയത്.
തെരുവത്ത് കടവ്, ഉള്ള്യേരി, കന്നൂർ, കൊടശ്ശേരി, അത്തോളി, കോക്കല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നിർമല്ലൂരിൽ എത്തിയ സ്ഥാനാർത്ഥി, നിർമല്ലൂർ അയ്യപ്പഭജനമഠത്തിൽ ദർശനം നടത്തി. വട്ടോളി ബസാർ, കരുമല, എകരൂൽ, ഇയ്യാട്, രാജഗിരി, തലയാട്, ഏഴുകണ്ടി, കണ്ണാടിപ്പൊയിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കുറുമ്പൊയിലിൽ സമാപിച്ചു.
പര്യടന പരിപാടിയുടെ ഉദ്ഘാടനം കൂരാച്ചുണ്ടിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ടി. ലീലാവതി നിർവഹിച്ചു. രാജേഷ് കായണ്ണ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ബാലകൃഷ്ണൻ, കെ.കെ. ഗോപിനാഥൻ, ടി. അനൂപ്കുമാർ, സുഗീഷ് കൂട്ടാലിട, ആർ.എം. കുമാരൻ, ടി. സദാനന്ദൻ, കെ.കെ. ഭരതൻ, എളമ്പിലാശ്ശേരി പ്രകാശൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.