തിരുനെല്ലിക്കാട് പൊലീസ് വലയത്തിൽ
തിരുനെല്ലി(വയനാട്): രാഹുൽ ഗാന്ധി ഇന്ന് തിരുനെല്ലിയിൽ ചരിത്ര പ്രസിദ്ധമായ പാപനാശിനിയിലെ പിണ്ഡപ്പാറയിൽ അദ്ദേഹം പിതൃതർപ്പണം നടത്തും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം 1991മെയ് 30ന് തിരുനെല്ലിയിലെ പാപനാശിനി ഏറ്റുവാങ്ങിയിരുന്നു. പതിനായിരങ്ങളെ സാക്ഷി നിറുത്തി സന്ധ്യാനേരത്ത് ലീഡർ കെ. കരുണാകരനാണ് രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. തിരുനെല്ലി കണ്ട ഏറ്റവും വലിയ നിമജ്ജന ചടങ്ങായിരുന്നു അത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഹെലികോപ്ടറിൽ രാഹുൽ വയനാട്ടിലെത്തുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വന്നപ്പോൾ തിരുനെല്ലി സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം നടന്നില്ല. തിരുനെല്ലി സന്ദർശിച്ച് പിതൃതർപ്പണം നടത്തണമെന്ന് രാഹുൽഗാന്ധി അന്നേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
കനത്ത സുരക്ഷയിലാണ് ഇന്ന് പിതൃതർപ്പണം ചടങ്ങ് നടക്കുക. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതു കൊണ്ട് തിരുനെല്ലിക്കാട് മുഴുവൻ പൊലീസ് വലയത്തിലാണ്.
തിരുനെല്ലി പൊലീസ് സ്റ്റേഷനടുത്തുള്ള സ്കൂൾ ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ 9.50ന് രാഹുൽഗാന്ധി കണ്ണൂരിൽ നിന്നെത്തുക. പാപനാശിനിയിലെ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം ക്ഷേത്രദർശനവും നടത്തും.10.30ന് തിരുനെല്ലിയിൽ നിന്ന് ഹെലികോപ്ടറിൽ തന്നെ അദ്ദേഹം അടുത്ത യോഗസ്ഥലമായ സെന്റ് മേരീസ് കോളേജിലേക്ക് പോകും. തുടർന്ന് തിരുവമ്പാടിയിലേക്ക് . കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടാകും.