തിരുനെല്ലി : ഇരുപത്തെട്ട് വർഷം മുൻപ് പിതാവ് രാജീവ് ഗാന്ധിയുടെ
ചിതാഭസ്‌മം നിമജ്ജനം ചെയ്‌ത തിരുനെല്ലിയിലെ പുണ്യതീർത്ഥമായ പാപനാശിനി ഇന്നലെ പുത്രൻ രാഹുൽ ഗാന്ധിയുടെ പിതൃതർപ്പണം ഏറ്റുവാങ്ങി.
അന്ന് നിമജ്ജനത്തിന് കാർമ്മികത്വം വഹിച്ച ഗണേശൻ ഭട്ടതിരി തന്നെയാണ് രാഹുലിന്റെ തർപ്പണത്തിനും കർമ്മിയായത്. അദ്ദേഹം ചൊല്ലിക്കൊടുത്ത സംസ്‌കൃത മന്ത്രങ്ങൾ ഭംഗിയായി ഏറ്റുചൊല്ലിയ രാഹുൽ പിതാവിനും മുത്തശ്ശി ഇന്ദിരാഗാന്ധിക്കും അടക്കം പൂർവികരായ ഏഴ് തലമുറകളുടെ മോക്ഷത്തിനായി തർപ്പണം നടത്തി. ഒപ്പം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായ മുഴുവൻ പേർക്കും രാഹുൽ തർപ്പണം നടത്തി.
തെക്കൻകാശി എന്ന് പ്രസിദ്ധമായ തിരുനെല്ലിയിൽ കസവ് മുണ്ടും നേരിയതും ധരിച്ച് തനി മലയാളിയെ പോലെയാണ് രാഹുൽ എത്തിയത്. ആദ്യം ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പിതൃതർപ്പണ പൂജ നടത്തി. ക്ഷേത്രം ജീവനക്കാരൻ ഗോവിന്ദനുണ്ണി മലയാളത്തിൽ ചൊല്ലിക്കൊടുത്ത സത്യവാചകം രാഹുൽ ഏറ്റുചൊല്ലി. തുടർന്ന് മഹാവിഷ്‌ണുവിനെ നമസ്‌കരിച്ചു. പിന്നീടാണ് പാപനാശിനിയിലേക്ക് പോയത്. അവിടെ പയ്യള്ളിക്ക ഇല്ലത്ത് ഗണേശൻ ഭട്ടതിരി കാർമ്മികനായി. കർമ്മത്തിന് ശേഷം കാനനപാതയിലൂടെ തന്നെ ക്ഷേത്രത്തിലെത്തി മേൽശാന്തി എഗ്ഡമന ഇ.എൻ. കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് പ്രസാദം വാങ്ങി. തുടർന്ന് ദേവസ്വം ഗസ്റ്റ് ഹൗസിൽ എത്തി ലഘു ഭക്ഷണം കഴിച്ചാണ് രാഹുൽ മടങ്ങിയത്.
ദേവസ്വം ട്രസ്റ്റി പി.ബി. കേശവദാസ്, എക്‌സിക്യൂട്ടിവ് ഓഫീസർ കെ.സി. സദാനന്ദൻ, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി. അനിൽകുമാർ തുടങ്ങിയവർ പാപനാശിനിയിലേക്ക് രാഹുലിനെ അനുഗമിച്ചു.
കണ്ണൂരിൽ നിന്ന് രാവിലെ പത്തരയോടെ തിരുനെല്ലി എസ്.എ.യു.പി സ്‌കൂളിലെ താത്കാലിക ഹെലിപാഡിൽ മുകുൾ വാസ്‌നിക്, ഉമ്മൻചാണ്ടി തുടങ്ങിയവർക്കൊപ്പമാണ് രാഹുൽ വന്നിറങ്ങിയത്. കാനന പാതയിലൂടെ കാറിൽ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ എത്തി. അവിടെ വസ്‌ത്രം മാറിയാണ് പിതൃതർപ്പണത്തിന് പുറപ്പെട്ടത്. ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു ഉൾപ്പെടെയുള്ളവർ രാഹുലിനെ സ്വീകരിച്ചു.
മാവോയിസ്റ്റ് ഭീഷണി ഉളളതിനാൽ തിരുനെല്ലിക്കാട്ടിലും പരിസരങ്ങളിലും തണ്ടർബോൾട്ട് ഉൾപ്പെടെ വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.