സുൽത്താൻ ബത്തേരി: വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് അടിപ്പെടാത്ത മതേതര ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പി. സുനീറിന്റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യ മതേരതര ജനാധിപത്യ പരമാധികാര രാഷ്ട്രമായി തുടരേണ്ടേ എന്നതാണ് നാം നേരിടുന്ന ചോദ്യം. ദളിത് - , ന്യൂനപക്ഷങ്ങളുടെയും പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കാനാവുന്ന സർക്കാരിന് മാത്രമേ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനാവൂ.

ആരാധനയ്‌ക്കായി അയോദ്ധ്യ തുറന്ന് കൊടുത്തതും ഷാ ബാനു കേസിൽ വിട്ടുവീഴ്ച ചെയ്‌തതും മതേതരവാദികൾ എന്നവകാശപ്പെടുന്ന കോൺഗ്രസിന്റെ ഭരണകാലത്താണ്.

2004 ൽ ഇടതുപിന്തുണയോടെ അധികാരത്തിൽ വന്ന സർക്കാരാണ് ജനക്ഷേമപദ്ധതികൾ തുടങ്ങിയത്. വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശ നിയമം, സേവനാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്‌ക്കായി യു.പി.എ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത് ഇടതുപക്ഷമാണ്.
നിരവധി വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ മോദിസർക്കാർ സൃഹുത്തുക്കളായ കോർപറേറ്റുകൾക്കായി പാവപ്പെട്ടവരെ കൊള്ളയടിച്ചു. കാർഷികകടം എഴുതിത്തള്ളുമെന്നും കർഷകർക്ക് ഉത്പാദന ചെലവിന്റെ ഒന്നരമടങ്ങ് നൽകുമെന്നുമായിരുന്നു വാഗ്ദാനം. മോദിയുടെ സൃഹൃത്തുക്കളായ 36 പേരാണ് രാജ്യത്തെ കൊള്ളയടിച്ച് രാജ്യം വിട്ടത്. ഇവരുടെ 5 .55 ലക്ഷം കോടി രൂപ എഴുതിത്തള്ളി . 11 ലക്ഷം കോടി രൂപ ഇവർ തിരിച്ചടയ്‌ക്കാനുണ്ട്. ഇവർക്ക് നൽകുന്ന പണത്തിന്റെ നാലിലൊന്നുണ്ടെങ്കിൽ കാർഷിക കടം എഴുതിത്തള്ളാമായിരുന്നു. വൻകിടക്കാർക്ക് നൽകുന്ന നികുതിയിളവിന്റെ രണ്ട് ശതമാനം മതി തൊഴിലാളികൾക്ക് 18,000 രൂപ മിനിമം കൂലിയ്‌ക്കും 6,000 രൂപ വാർദ്ധക്യ പെൻഷൻ നൽകാനും. പത്തുകോടി തൊഴിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ മോദിയുടെ ഭരണത്തിലാണ് തൊഴിലില്ലായ്മ ഏറ്റവും ഉയർന്നതെന്നും യെച്ചൂരി പറഞ്ഞു.