കല്പറ്റ: വയനാട്ടിൽ ഉച്ചതിരിഞ്ഞ് വേനൽ മഴ തകർക്കുകയാണെങ്കിലും മണ്ഡലത്തിലെ പ്രചാരണച്ചൂടിനെ തണുപ്പിക്കാൻ അതുപോര. രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലത്തിൽ മൂന്ന് മുന്നണികളുടേയും പ്രചാരണം ഉച്ചസ്ഥായിയിലാണ്. ദേശീയ നേതാക്കളുൾപ്പെടെ നിരനിരയായി ചുരംകയറുകയാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് സഹോദരി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിനും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും വേണ്ടി വോട്ടഭ്യർത്ഥിക്കാനും നേതാക്കളുടെ നിരതന്നെ വയനാട്ടിൽ എത്തിയിട്ടുണ്ട്.
പ്രചാരണപരിപാടികളിൽ പരമാവധി പ്രവർത്തകരെ എത്തിക്കാനാണ് എല്ലാ മുന്നണികളും ശ്രമിച്ചുവരുന്നത്. പത്രികാ സമർപ്പണ വേളയിൽ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോ മറികടക്കാൻ ഇടതുമുന്നണിയും എൻ.ഡി.എയും വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തിക്കഴിഞ്ഞു. ഇടതുമുന്നണി, മുഖ്യമന്ത്രി പിണറായി വിജയനെ കൽപ്പറ്റയിൽ കൊണ്ടുവന്ന് അത്യുഗ്രഹൻ പൊതുസമ്മേളനം നടത്തി. പിന്നെ വയനാട്ടിലെ ബ്രാഞ്ചുകളിൽ നിന്ന് മാത്രം കൊണ്ടുവന്ന പ്രവർത്തകരെ വച്ച് പടുകൂറ്റൻ റോഡ് ഷോയും. സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇവിടെയെത്തി. സുൽത്താൻ ബത്തേരിയിൽ യെച്ചൂരിയെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തി നഗരത്തെ ചുവപ്പിച്ചു.
രാഹുൽഗാന്ധി വീണ്ടും വയനാട്ടിലെത്തിയപ്പോൾ വയനാടിനെ ജീവിതകാലം മുഴുവൻ നെഞ്ചോടുചേർക്കുമെന്ന സന്ദേശമാണ് നല്കിയത്. പാപനാശിനിയിൽ അദ്ദേഹം പിതൃക്കൾക്ക് തർപ്പണം നടത്തി. യു.ഡി.എഫിന്റെ ആത്മവിശ്വാസം ഒന്നുകൂടി വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്റെ ഓരോ പരിപാടികളും. കർഷകർ നിർണായകമായ മണ്ഡലത്തിൽ കർഷക പാർലമെന്റ് വരെ സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടി കരുതിയാണ് പ്രിയങ്കയുടെ ഇപ്രാവശ്യത്തെ സന്ദർശനം. ഉച്ചയ്ക്ക് പുല്പള്ളിയിൽ നടക്കുന്ന കർഷകസംഗമത്തിൽ അവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം ഖുശ്ബുവും വയനാട്ടിൽ വന്ന് യു.ഡി.എഫിനെ ആകെ ചലിപ്പിച്ചു.
ഇങ്ങനെ യു.ഡി.എഫും എൽ.ഡി.എഫും തന്ത്രങ്ങൾ മാറ്റിമാറ്റി പയറ്റുമ്പോൾ എൻ.ഡി.എയും ഒട്ടും പിന്നോട്ടല്ല. തികച്ചും ചിട്ടയായ പ്രവർത്തനമാണ് തുഷാർ വെള്ളാപ്പള്ളിയുടെ വിജയത്തിനായി എൻ.ഡി.എ ഏറ്റെടുത്തിരിക്കുന്നത്. തുഷാർ പങ്കെടുത്ത ഒാരാേ റോഡ് ഷോകളിലും വൻ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. കേന്ദ്രമന്ത്രിയും അമേതിയിലെ രാഹുലിന്റെ എതിരാളിയുമായ സ്മൃതി ഇറാനി വയനാട്ടിൽ എത്തുന്നുണ്ട്. ഉൾഗ്രാമങ്ങളിൽ അടക്കം തുഷാർ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. കുടുംബ യോഗങ്ങളിലടക്കം വയനാടിന്റെ വികസനത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നു. ആദിവാസികളും കർഷകരും കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും എല്ലാം ദുരിതത്തിൽ തന്നെയാണ്. എൻ.ഡി.എ അധികാരത്തിലെത്തിയാൽ വയനാടിന്റെ പ്രതിനിധിയായി തനിക്ക് ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്നാണ് തുഷാർ വ്യക്തമാക്കുന്നത്.