ramdas

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ നുസ്രത്ത് ജഹാന്റെ പ്രചാരണത്തിന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ ( എ) നേതാവുമായ രാംദാസ് അത്തേവാല എത്തിയത് എൻ. ഡി. എയെ അമ്പരപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ എല്ലാ പിന്തുണയും നുസ്രത്ത് ജഹാന് ഉണ്ടാകുമെന്ന് അത്തേവാല പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൻ. ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കെയാണ് നുസ്രത്ത് ജഹാനു പിന്തുണയുമായി കേന്ദ്രമന്ത്രി വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം പറഞ്ഞാണ് കേന്ദ്രമന്ത്രി വോട്ടഭ്യർത്ഥിച്ചത്. കേരളത്തിലെ ബി.ജെ.പി നേതൃത്വവുമായി സീറ്റിന് വേണ്ടി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനാലാണ് നുസ്രത്ത് ജഹാന് പിന്തുണ നൽകുന്നത്. അതേസമയം, തന്റെ കഴിവ് കണ്ട് റിപ്പബ്ലിക്കൻ പാർട്ടി പിന്തുണയ്‌ക്കുന്നു എന്നാണ് നുസ്രത്ത് ജഹാന്റെ വിശദീകരണം. 17 വർഷമായി തനിക്ക് അത്തേവാലയെ പരിചയമുണ്ട്. മത്സരത്തിന് നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ച്

മണ്ഡലത്തിലെ എം.പിയും യു.ഡിഎഫിന്റെ അഖിലേന്ത്യ നേതാക്കളും തന്നെ വിളിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്‌തെന്നും അവർ പറഞ്ഞു. എന്നാൽ താൻ പിന്മാറില്ലെന്നും കൂടെ ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നും നുസ്രത്ത് അവകാശപ്പെട്ടു.