election-2019

കോഴിക്കോട്: കേരളത്തിലെ എൻ.ഡി.എ നേതാക്കളെ പോലും അമ്പരിച്ചുകൊണ്ട് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കായി വോട്ട് ചോദിച്ച് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ (എ) നേതാവുമായ രാംദാസ് അത്തേവാല കോഴിക്കോട്ട് എത്തിയത് വലിയ വാർത്തയായിരുന്നു. അപ്പോഴേ ഉയരുന്ന ഒരു ചോദ്യമുണ്ട്.ആരാണാ സ്ഥാനാർത്ഥിയായ നുസ്രത്ത് ജഹാൻ. കോഴിക്കോട്ട് ലോക്‌സഭാ മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാർത്ഥി ആള് ചില്ലറക്കാരിയല്ല.

ഖത്തർ, ഒമാൻ, എമിറേറ്റ്‌സ്, ഇത്തിഹാദ്, കിംഗ്ഫിഷർ എന്നീ വിമാനകമ്പനികളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്ന ഇവർ പിന്നീട് രാജിവച്ച് ഇവന്റ് മാനേജ്‌മെന്റ് രംഗത്തെത്തുകയായിരുന്നു.ഇന്റർ നാഷണൽ ഹ്യൂമൻ റെറ്റ്‌സ് ഓർഗനൈസേഷൻ,​മലബാർ ഡെവലപ്‌മെന്റ് ഫോറം, എന്നിങ്ങനെ നിരവധി സംഘടനകളുടെ പ്രവർത്തകയുമാണ്. 'കഥയുള്ളൊരു പെണ്ണ്" എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കുകയും അതിൽ നായികയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1970 നവംബർ 2 ന് മാവൂർ എളമരത്ത് എടക്കുനിമേൽ വീട്ടിലാണ് ജനനം.പിതാവ് പരേതനായ ഇ.കെ മുഹമ്മദ്, മാതാവ്: കെ.പി നഫീസ. ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എം.കെ ഹംസയാണ് ഭർത്താവ്.

 ചിഹ്നം ഓട്ടോ


സ്വതന്ത്ര സ്ഥാനാർത്ഥി നുസ്രത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് ചിഹ്നം ഓട്ടോയാണ്. രാവിലെ മുതൽ പ്രചാരണത്തിന് ഇറങ്ങുന്നതും ഓട്ടോയിലാണ്. സാധാരണക്കാരിൽ സാധാരണക്കാരിയായ തനിക്ക് ഓട്ടോ അല്ലാതെ മറ്റൊരു ചിഹ്നം ആവശ്യമില്ല നുസ്രത്ത് പറയുന്നു.റിപ്പബ്ലിക്കൻ പാർട്ടിയുടെ എല്ലാ പിന്തുണയും നുസ്രത്തിന് വാഗ്ദാനം ചെയ്ത ശേഷമാണ് കേന്ദമന്ത്രി

അത്തേവാല മടങ്ങിയത്. 17 വർഷമായി തനിക്ക് അത്തേവാലയെ പരിചയമുണ്ടെന്ന് ഇന്നലെയും നുസ്രത്ത് ആവർത്തിച്ചു.

തന്റെ മത്സരം സ്ത്രീകൾക്കും പാവപ്പെട്ടവർക്കും അവഗണിക്കപ്പെടുന്ന വിഭാഗത്തിനും വേണ്ടിയാണ്. ജയിച്ചാലും തോറ്റാലും താൻ ജനങ്ങൾക്കൊപ്പമുണ്ടാകും. സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചത് തന്നെ കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കുന്നവരുടെ ഉന്നമനത്തിനായാണ്.