election-2019

കൽപ്പറ്റ: "ഷീനയുടെ വിഷമം എനിക്കു മനസ്സിലാക്കാനാകും. എന്റെ അച്ഛനും മുത്തശ്ശിയും രാജ്യത്തിനായാണ് രക്തസാക്ഷികളായത്. ധീരയായ ഷീനയ്‌ക്കൊപ്പം രാജ്യമുണ്ട്; ധൈര്യമായിരിക്കൂ...'' പ്രിയങ്കാ ഗാന്ധിയുടെ ആശ്വാസ വാക്കുകൾ കേട്ടപ്പോൾ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച, വയനാട്ടിലെ വി.വി. വസന്തകുമാറിന്റെ ഭാര്യയുടെ കണ്ണുകളിൽ നനവു പടർന്നു.

വസന്തകുമാറിന്റെ വീട്ടിലെത്തിയാണ് പ്രിയങ്ക ഷീനയെ കണ്ടത്. പിന്നെ, വസന്തകുമാറിന്റെ മക്കളായ അനാമികയെയും അമർദീപിനെയും പ്രിയങ്ക ചേർത്തു പിടിച്ചു. അമ്മ ശാന്തയെയും ആശ്വസിപ്പിച്ചു.

വാഴക്കണ്ടി കോളനിയിലെ വസന്തകുമാറിന്റെ വീട്ടിൽ പ്രിയങ്കയെത്തുപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. വീട്ടിലേക്കു കയറിച്ചെന്ന പ്രിയങ്ക വസന്തകുമാറിന്റെ കുടുംബാംഗങ്ങളുമായി സ്നേഹം പങ്കുവച്ചു. ശനിയാഴ്‌ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്താൻ വൈകിയതു കൊണ്ടാണ് പ്രിയങ്കയുടെ സന്ദർശനം ഇന്നലത്തേക്കു മാറ്റിയത്. തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ കഴിഞ്ഞ്, താമസസൗകര്യമൊരുക്കിയിരുന്ന വൈത്തിരി വില്ലേജ് റിസോർട്ടിലേക്ക് ഹെലികോപ്ടറിലായിരുന്നു പ്രിയങ്കയുടെ യാത്ര. ഷീനയെ കാണണമെന്നു തീർച്ചപ്പെടുത്തിത്തന്നെയാണ് പ്രിയങ്ക റിസോർട്ടിൽ തങ്ങിയത്.

വസന്തകുമാറിന്റെ വീട്ടിലെത്തിയപ്പോൾ സിവിൽ സർവീസിൽ റാങ്ക് ജേതാവായ ശ്രീധന്യ സുരേഷും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ശ്രീധന്യയെ കണ്ടപ്പോൾ പ്രിയങ്ക വരുമ്പോഴും വന്നു കാണണമെന്നു പറഞ്ഞിരുന്നു. പ്രിയങ്ക പറഞ്ഞതെല്ലാം ഷീനയ്‌ക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ശ്രീധന്യയാണ് മലയാളത്തിൽ മൊഴിമാറ്റിയത്. തുടർന്ന് ഷീനയുടെ ബന്ധുവിന്റെ, തൊട്ടടുത്തുതന്നെയുള്ള വീട്ടിൽ നിന്ന് കപ്പയും ചമ്മന്തിയും കട്ടൻ കാപ്പിയും കഴിച്ചു.

ആദ്യമായാണ് കപ്പ കഴിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. വീടിന്റെ അടുക്കള വരെ പ്രിയങ്ക ചെന്നു നോക്കി. പൊലീസിന്റെ വിലക്കു മറികടന്ന് തടിച്ചുകൂടിയ ആയിരത്തോളം ജനങ്ങളെയും അരമണിക്കൂറോളം നേരിൽക്കണ്ടാണ് പ്രിയങ്ക മുട്ടിൽ ഡബ്ലിയു.എം.ഒ കോളേജിലെ ഹെലിപാഡിലേക്കു പോയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എന്നിവരും പ്രിയങ്കയുടെ കൂടെയുണ്ടായിരുന്നു.